പൊൻകുന്നം: ഒരു ചെറിയ മഴ പെയ്താൽപോലും റോഡ് തോടാകുന്ന അവസ്ഥയിലാണ് പൊൻകുന്നം സെട്രൽ ജംഗ്ഷൻ. മഴ നിന്നാൽ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യം നഗരമദ്ധ്യത്തിൽ അടിഞ്ഞുകൂടുന്നത് ജനങ്ങളെ ഏറെയാണ് ബുദ്ധിമുട്ടിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയും ദേശീയപാത 183 യും സംഗമിക്കുന്ന ഏറെത്തിരക്കുള്ള ഇവിടെത്തന്നെയാണ് ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. പാലാ പൊൻകുന്നം റോഡിൽനിന്നും കോട്ടയം ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് റോഡിന് നടുവിലൂടെ
ഒഴുകി ജനങ്ങൾക്ക് ദുരിതമാകുന്നത്. പ്രത്യേകം നടപ്പാത നിർമ്മിച്ചിട്ടില്ലാത്തതിനാൽ റോഡരികിലൂടെയെത്തുന്ന കാൽനടയാത്രക്കാരെ ചെളിയഭിഷേകം നടത്തിയാണ് വാഹനങ്ങൾകടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡുകൾ നവീകരിച്ചപ്പോൾ ആധുനീക രീതിയിൽ ഓടയും നിർമ്മിച്ചെങ്കിലും സ്ലാബിട്ടു മൂടിയ ഓടയിലേക്ക് വെള്ളം ഇറങ്ങാത്തതാണ് റോഡ് തോടാകാൻ കാരണം. ഓടയിൽ മണ്ണും മാലിന്യവും വന്നു നിറഞ്ഞതാകാം വെള്ളം ഒഴുകാൻ തടസമാകുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ ഓടകൾ വൃത്തിയാക്കേണ്ടത് റോഡ് നിർമ്മിച്ച കരാറുകാരാണെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.കാലവർഷം എത്താൻ ദിവസങ്ങൾമാത്രം ബാക്കിയുള്ളപ്പോഴും ഈ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിൽ നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിലാണ്,