തലയോലപ്പറമ്പ്: മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായി അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച കരികനാലിന്റെ താഴ പള്ളി ഭാഗത്തെ ഷട്ടർ നിർമ്മാണം വൈകുന്നതു മൂലം പ്രദേശ വാസികൾ ഭീതിയിൽ. വർഷ കാലത്ത് തലയോലപ്പറമ്പ് പഞ്ചായത്തിലെ പ്രധാന ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിനേരിടുകയാണ്. കനാലിലെ നവീകരണം തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനവുമാണ് ജനത്തെ ഭീതിയിലാക്കുന്നത്. മുൻകാലങ്ങളിൽ വർഷകാലത്ത് അടിയം ചാലിൽ ഒഴുകിയെത്തുന്ന വെള്ളം പുത്തൽ തോടിന് അടിയിലൂടെയുള്ള സ്‌ളൂയീസ് വാൽവിലൂടെ കുറുന്തറ പുഴയിലേക്ക് ഒഴുകിപ്പോകുന്ന സംവിധാനമായിരുന്നു. തന്മൂലം പുത്തൻതോട്ടിൽ ജലനിരപ്പ് ഉയർന്നാലും അടിയം ചാലിലേക്ക് വെള്ളം കയറില്ലായിരുന്നു. എന്നാൽ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മിഠായിക്കുന്നം മുതൽ കരികനാൽ വരെയുള്ള അടിയം ചാലിന്റെ മൂന്നര കിലോമീറ്റർ ദൂരം ആഴംകൂട്ടി ഇരുവശവും കരിങ്കൽ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തിയെങ്കിലും താഴപ്പള്ളി പാലത്തിന് സമീപം ഷട്ടർ നിർമ്മാണം ഇനിയും പൂർത്തീകരിക്കാത്തതാണ് ഭീതി വർദ്ധിക്കാൻ കാരണം. ഷട്ടർ സ്ഥാപിക്കുന്നതിന് മുൻപ് സമീപത്ത് തീർത്ത ബണ്ടും പൊളിച്ചുമാറ്റിയിരുന്നു. അടിയംചാൽ കുറുന്തറപ്പുഴയുമായി ബന്ധിപ്പിച്ചിരുന്ന കരികനാൽ ഇപ്പോൾ നേരിട്ട് പുത്തൻതോടുമായി ബന്ധിപ്പിച്ചത് മൂലം ആറ്റിലെ ജലനിരപ്പ് ഉയരുമ്പോൾ അതിന് സമാനമായി അടിയംചാലിലും ജലനിരപ്പ് ഉയരുന്നസ്ഥിതിയാണുള്ളത്. അശാസ്ത്രീയമായ നിർമ്മാണം മൂലം അടിയം പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വർഷകാലം വരുമ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് നാട്ടുകാർ പറയുന്നു. മൂവാറ്റുപുഴ ആറിൽ നിന്നും പുത്തൻ തോട്ടിലേക്ക് കയറുന്ന വെള്ളം താഴപ്പള്ളി ഭാഗത്ത് ഷട്ടർ ഉപയോഗിച്ച് തടയാൻ കഴിഞ്ഞില്ലെങ്കിൽ ചന്തപാലത്തിന് സമീപം ഉള്ള ഷട്ടർ ഉപയോഗിച്ച് വേണം ഇത് നിയന്ത്രിക്കാൻ. അങ്ങനെ വന്നാലും പുഴയിൽ നിന്നും കയറുന്ന വെള്ളം അടിയംചാല് വഴി കടന്നുപോകും. ഇത് പ്രദേശത്തെ വെള്ളത്തിനടിയിൽ ആക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ഷട്ടർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കരാറുകാരന്റെ അനാസ്ഥയാണ് നിർമ്മാണ പ്രവർത്തനം വൈകാൻ കാരണമെന്നും പ്രദേശവാസികൾ പറയുന്നു. കനാലിൽ അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തത് മൂലം നീരൊഴുക്ക് ഇല്ലാതായെന്നും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ കൊണ്ട് യാതൊരു പ്രയോജനവും ജനത്തിന് ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടി ആവിഷ്‌ക്കരിക്കുവാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. താഴപള്ളി ഭാഗത്തെ ഷട്ടർ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റണമെന്ന് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ വി.ടി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.