r-santhosh

വൈക്കം : അപകട കെണിയൊരുക്കി തണൽമരങ്ങൾ. കെ.വി.കനാലിൽ നിന്ന് വെട്ടിമാറ്റിയ തണൽമരങ്ങൾ റോഡിൽ അപകട ഭീഷണിയുയർത്തുന്നു. പ്രളയകാലത്തും അല്ലാതെയും കെ വി കനാലിലേക്ക് മറിഞ്ഞുവീണ് നീരൊഴുക്ക് തടസ്സപ്പെടുത്തിയിരുന്ന വൻമരങ്ങൾ മുറിച്ചു നീക്കിയത് മാസങ്ങളായി റോഡരികിൽ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ഈ മരത്തടികളിൽ വാഹനങ്ങൾ തട്ടി അപകടം പതിവായിട്ടുണ്ട്. പകൽ ഇവ ഗതാഗത തടസത്തിനും കാരണമാകുന്നു. വെട്ടിയിട്ട തടികൾ വിൽക്കാൻ അധികൃതർ പല തവണ ലേലം നടത്തിയിട്ടും എടുക്കാൻ ആളുണ്ടായില്ല.

കനാലിൽ ഒഴുക്ക് തടഞ്ഞ് ഇനിയും മരങ്ങൾ

കെ വി കനാലിന്റെ വലിയാനപ്പുഴമുതൽ വേമ്പനാട്ടുകായൽ വരെയുള്ള ഭാഗത്തണ് ഇരു വശങ്ങളിലും ധാരാളമായി തണൽ മരങ്ങൾ നിൽക്കുന്നത്. ഇവിടം നാട്ടുകാരുടെ വിനോദ, വിശ്രമ കേന്ദ്രമാക്കാൻ നഗരസഭ പല തവണ പദ്ധതിയിട്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. ഇതിനിടെയാണ് ഓരോ മഴക്കാലവുമെത്തുമ്പോൾ മരങ്ങൾ കനാലിലേക്ക് കടപുഴകുന്നത്. അത് വെട്ടിമാറ്റാൻ പിന്നെ കാലങ്ങളെടുക്കും. മരങ്ങൾ വീണുകിടക്കുന്നതിനാൽ കനാലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അവിടവിടെ കെട്ടിക്കിടന്ന് ചീഞ്ഞുനാറും.

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കെ.വി.കനാലിൽ വീണുകിടക്കുന്ന മരങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സി.കെ.ആശ എം. എൽ. എ. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആർ.സന്തോഷ്

(നഗരസഭ കൗൺസിലർ)

വനം വകുപ്പിന്റെ അശാസ്ത്രീയമായ വില നിർണ്ണയ രീതിയാണ് മരങ്ങൾ വെട്ടിമാറ്റുന്നതിനും വെട്ടിയവ നീക്കം ചെയ്യുന്നതിനും പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത്. നിയമത്തിന്റെ സാങ്കേതികകുരുക്കുകൾ പൊതുജനങ്ങൾക്ക് ദുരിതമാകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ഗതാഗത പ്രശ്നം സൃഷ്ടിക്കുന്ന തടികൾ എത്രയും വേഗം നീക്കം ചെയ്യണം. നഗരത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് കെ.വി.കനാൽ. അത് നാട്ടുകാർക്ക് പ്രയോജനകരമായ രീതിയിൽ പരിപാലിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം.