കോട്ടയം : കാലവർഷത്തിന് മുന്നോടിയായി പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ പൂർത്തിയാകുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ പി.കെ.സുധീർ ബാബു പ്രവർത്തനങ്ങൾ വിലയിരുത്തി.
താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും, അടിയന്തര സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ കഴിയുന്ന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താനും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.
ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി, മത്സ്യം, മാംസം, എണ്ണ, പാചകവാതകം എന്നിവ ലഭ്യമാക്കുന്നതിന് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടി കോർപ് കെപ്‌കോ, മത്സ്യഫെഡ് തുടങ്ങിയവയിൽനിന്ന് കരാർ ക്ഷണിച്ച് തീരുമാനമെടുക്കണം.
ജനറേറ്ററുകൾ, ക്രെയിനുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും നിരക്ക് തയ്യാറാക്കി കരാർ ക്ഷണിച്ച് തുടർ നടപടി സ്വീകരിക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം. മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനും അവശ്യ മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെ സേവനം എന്നിവ ഉറപ്പാക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. വൈദ്യുതി പോസ്റ്റുകളും ലൈനുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ നേരിടുന്നതിന് കെ.എസ്.ഇ.ബി 30 പേരടങ്ങുന്ന ക്യൂക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്.
സപ്ലൈകോ വില്പന കേന്ദ്രങ്ങളിലും റേഷൻ കടകളിലും ബഫർ സ്റ്റോക്കുകൾ ക്രമീകരിക്കണം. അവശ്യ സന്ദർഭങ്ങളിൽ കന്നുകാലികളെയും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള ഉയർന്ന സ്ഥലങ്ങൾ കണ്ടെത്തണം.
മറ്റ് നിർദ്ദേശങ്ങൾ
ഇല്ലിക്കൽകല്ല്, അരുവിക്കുഴി പ്രദേശങ്ങളിൽ അപകടസാദ്ധ്യതാ മുന്നറിയിപ്പ് നൽകണം
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം, സ്കൂൾ പരിസരം ശുചീകരിക്കണം
നെൽപ്പാടങ്ങളിൽ പുറം ബണ്ട് ബലപ്പെടുത്തണം, മണൽച്ചാക്കുകളും പമ്പ് സെറ്റുകളും കരുതണം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധസേവനത്തിന് 30 മോട്ടോർ വള്ളങ്ങൾ സജ്ജമാക്കും
മത്സ്യതൊഴിലാളികൾക്ക് അറിയിപ്പുകൾ നൽകുന്നതിന് വാട്‌സപ്പ് ഗ്രൂപ്പുകളും അനൗൺസ്‌മെന്റ് സംവിധാനവും
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളെ സംബന്ധിച്ച പരാതികളിൽ ഉടൻ നടപടിയെടുക്കണം
മഴക്കെടുതി രക്ഷാപ്രവർത്തനം പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗങ്ങൾ ഏകോപിപ്പിക്കണം