കോട്ടയം : ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പൊലീസ് പെറ്റിയടിച്ച് പീഡിപ്പിക്കുകയാണെന്നാരോപിച്ച് മെഡിക്കൽ കോളേജിൽ സ്വകാര്യ ബസുകൾ ഒരു മണിക്കൂറോളം സർവീസ് നിറുത്തി വച്ച് പ്രതിഷേധിച്ചു. ഒടുവിൽ ഗാന്ധിനഗർ എസ്.എച്ച്.ഒയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബസുകളുടെ നിയമലംഘനങ്ങൾ പിടികൂടിയത്. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന പതിനഞ്ചോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. നിയമലംഘനങ്ങൾ കാമറയിൽ പകർത്തിയിരുന്നു. ആയിരം രൂപ മുതലാണ് പിഴയായി ഈടാക്കിയിരുന്നത്. ഇതിനെതിരെയാണ് തൊഴിലാളികൾ രംഗത്തെത്തിയത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ ബസ് നിറുത്തിയിട്ടായിരുന്നു പ്രതിഷേധം. ബസുകൾ സ്റ്റാൻഡിലും റോഡിലും നിറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്റ്റേഷനിൽ എത്തി പെറ്റി അടയ്ക്കാമെന്നും, അല്ലാത്തവർക്ക് കോടതിയെ സമീപിക്കാമെന്നും പൊലീസ് നിർദ്ദേശം വച്ചു. തുടർന്നാണ് സമരം പിൻവലിച്ചത്.
'' ഗതാഗത നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ബസുകളിൽ നിന്ന് ഒരു ദിവസം രണ്ടും മൂന്നും തവണയാണ് പിഴ ഈടാക്കുന്നത്. പിഴ ഈടാക്കുന്ന പല ബസുകൾക്കും ആയിരം രൂപ പോലും ദിവസം ബാക്കി ലഭിക്കാറില്ല. സ്വകാര്യ ബസുകളെ പിഴിയുന്ന നടപടി പൊലീസ് അവസാനിപ്പിക്കണം. ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ചപ്പോൾ ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പറഞ്ഞത്.
എസ്.സുരേഷ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ