കോട്ടയം: കെ.എം. മാണിയുടെ മരണത്തിന്റെ പിറ്റേന്നു മുതൽ കേരളകോൺഗ്രസ് (എം) ചെയർമാന്റെ ചുമതല താൻ വഹിക്കുകയാണെന്ന് പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്ത് ജോസഫ് വിഭാഗം തന്നെ പുറത്തുവിട്ടു. റോഷി അഗസ്റ്റിൽ ആരോപിച്ച പോലെ ജോയ് എബ്രഹാം കമ്മിഷന് കത്തയച്ചിട്ടില്ലെന്നും ജോസഫ് വിഭാഗം പറയുന്നു.
പാർട്ടിയിൽ ചർച്ച ചെയ്യാതെ ഇങ്ങനെയൊരു കത്തയയ്ക്കാൻ വർക്കിംഗ് ചെയർമാന് അധികാരമില്ലെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ആരോപിച്ച് ജോസ് കെ.മാണി വിഭാഗം രംഗത്തെത്തിയതോടെ പാർട്ടിയിലെ ഭിന്നത പുതിയ തലത്തിലെത്തി.
പാർട്ടി ലെറ്റർ പാഡിൽ മേയ് 30നായിരുന്നു ഇലക്‌ഷൻ കമ്മിഷൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.എഫ്.വിൽഫ്രഡിന് ജോസഫ് കത്തയച്ചത്. പാർട്ടി ഭരണഘടനപ്രകാരം, ചെയർമാന്റെ അഭാവത്തിൽ എല്ലാ അധികാരങ്ങളും വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് കത്തിൽ പറയുന്നുണ്ട്. കെ.എം.മാണി ഏപ്രിൽ ഒമ്പതിന് മരിച്ചതിനാൽ പിറ്റേന്നു മുതൽ ചെയർമാന്റെ എല്ലാ ചുമതലകളും താൻ വഹിക്കുകയാണ്.
ജോസഫിനെ ചെയർമാനായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ അത് നിയമപരമായി അവർക്ക് നേട്ടമാകും. ഇതിനെതിരെ ജോസ് വിഭാഗം അടുത്ത ദിവസം കമ്മിഷനെ സമീപിക്കുമെന്നറിയുന്നു. ചെയർമാൻ സ്ഥാനം തർക്കത്തിലായ സ്ഥിതിയിൽ ഹിയറിംഗ് നടപടികളും മറ്റുമായി കമ്മിഷന്റെ തീരുമാനം വൈകാനാണിട. പാർട്ടി ചിഹ്നം അതുവരെ മരവിപ്പിക്കുന്ന സാഹചര്യം വന്നാൽ പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം പോലും പ്രശ്നമാകാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അതിനിടെ, കടുത്തുരുത്തിയിൽ ജോസഫ് വിഭാഗം എം.എൽ.എ മോൻസ് ജോസഫിന്റെ കോലം കത്തിച്ചതിന് ബദലായി ചെറുതോണിയിൽ റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു.
പിളർപ്പൊഴിവാക്കാൻ ബിഷപ്പുമാർ
പാർട്ടി പിളരുന്നത് എങ്ങനെയും ഒഴിവാക്കാൻ കത്തോലിക്കാസഭ രംഗത്തെത്തി. ജോസഫുമായും ജോസുമായും കത്തോലിക്ക സഭയിലെ രണ്ടു ബിഷപ്പുമാർ ഫോണിൽ സംസാരിച്ചതായറിയുന്നു. എന്നാൽ, പാർട്ടിയിലെ ഉന്നത നേതാക്കൾ ഇടപെട്ട് നടത്തിയ സമവായ ചർച്ച പോലും പൊളിഞ്ഞ സാഹചര്യത്തിൽ തല്ലിപ്പിരിയാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.