പാലാ: ശബരിമല സീസൺ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ ശബരിമല ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് പാലാ നഗരസഭയുടെ ചർച്ച! ഇന്ന്‌ചേരുന്ന നഗരസഭാ കൗൺസിൽയോഗത്തിലാണ് ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നത്.
2018-19 വർഷത്തേയ്ക്കായി കഴിഞ്ഞ നവംബറിൽ പത്തുലക്ഷം രൂപ സംസ്ഥാന സർക്കാർ പാലാ നഗരസഭയ്ക്ക് നൽകിയതാണ്. എന്നാൽ അന്ന് ഒന്നും അയ്യപ്പഭക്തരെ സഹായിക്കാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്ന നഗരസഭാ അധികൃതർ ശബരിമല സീസൺ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോഴാണ് തിരക്കിട്ട് ശബരിമല ഫണ്ട് ചെലവഴിക്കാൻ നീക്കം നടത്തുന്നത്.
കഴിഞ്ഞ ശബരിമല സീസണിൽ വിവിധക്ഷേത്രം ഭാരവാഹികളെയും മറ്റും വിളിച്ച്‌ചേർത്ത് നഗരസഭാ അധികൃതർ കൂടിയാലോചനകൾ നടത്തിയിരുന്നുവെങ്കിലും ഒരു തീരുമാനവും ആയിരുന്നില്ല. ഇനിയും ഫണ്ട് ചിലവഴിക്കാതെ വന്നാൽ പത്തുലക്ഷം രൂപാ നഗരസഭയ്ക്ക് നഷ്ടപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് ഇന്നുചേരുന്ന കൗൺസിൽയോഗം ശബരിമല വിഷയം തിരക്കിട്ട് ചർച്ച ചെയ്യുന്നത്.
മുരിക്കുംപുഴദേവീക്ഷേത്ര സന്നിധിയിലും ളാലം മഹാദേവക്ഷേത്രക്കടവിനോട് അനുബന്ധിച്ചും വികസന പ്രവർത്തനങ്ങൾ ശബരിമല ഫണ്ട് ഉപയോഗിച്ച് എത്രയുംവേഗം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പാലാ നഗരസഭാ അദ്ധ്യക്ഷ ബിജിജോജോ കുടക്കച്ചിറ പറഞ്ഞു. ഇതോടൊപ്പം നഗരകേന്ദ്രങ്ങളിൽ ശബരിമല ദിശാബോർഡുകളും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ളാലം മഹാദേവക്ഷേത്രത്തിന്റെ കടവ് നവീകരണം, കടവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് വില്ലേജ് ഓഫീസർ, ളാലം, തഹസീൽദാർ എന്നിവർക്ക് കത്തുകളയച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. ഇത് ലഭിച്ചെങ്കിൽ മാത്രമേ ശബരിമല ഫണ്ട് ളാലംക്ഷേത്രത്തോടനുബന്ധിച്ച് ചെലവഴിക്കാനാവൂ. ഈ സാങ്കേതിക തടസം മറികടക്കാതെ ഫണ്ട് ചിലവഴിക്കുന്നതിനെപ്പറ്റി തീരുമാനമെടുത്താലും കാര്യമായ പ്രയോജനമുണ്ടാവില്ലെന്ന് ചുരുക്കം.