supply

കോട്ടയം : സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന സർക്കാർ നടത്തിയ ഇടപെടൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സഹായകമായെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. താഴത്തങ്ങാടിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൊതുവിതരണ മേഖല കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. ക്രമക്കേടുകളില്ലാത്തവിധം സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം റേഷൻകടയിലെ ത്രാസ് ഇ-പോസ് യന്ത്രവുമായി ബന്ധിപ്പിക്കും. സംസ്ഥാനത്ത് 22 ഗ്രാമപഞ്ചായത്തുകളിൽ കൂടി സപ്ലൈകോയുടെ വില്പന ശാലകൾ തുറക്കാനുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിന് നടപടി സ്വീകരിക്കും. സപ്ലൈക്കോയുടെ കുപ്പിവെള്ളം റേഷൻ കടകളിലൂടെ ലിറ്ററിന് പതിനൊന്നു രൂപ നിരക്കിൽ വില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ ആദ്യ വില്പന നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തംഗം തൽഹത്ത് അയ്യൻകോയിക്കൽ, സി.കെ. ശശിധരൻ, പി.കെ. ആനന്ദക്കുട്ടൻ, കുഞ്ഞുമോൻ കെ. മേത്തർ, പി.എൻ. ഇന്ദിരാദേവി, കെ.ബി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.