കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ഇൻ-ചാർജ്, ആക്ടിംഗ് ചെയർമാൻ , ടെമ്പററി ചെയർമാൻ എന്നീ മൂന്നു പദവികൾ ഒരേ സമയം വഹിക്കുന്നതായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് ഇലക്ഷൻ കമ്മിഷന് നൽകിയ കത്ത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധവും സംഘടനാ ചട്ടങ്ങളുടെ ലംഘനവുമാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗവും നിയുക്ത എം.പിയുമായ തോമസ് ചാഴികാടൻ പറഞ്ഞു. പാർട്ടി ചെയർമാനം തീരുമാനമെടുക്കേണ്ടത് വർക്കിംഗ് ചെയർമാനുമായി കൂടിയാലോചിച്ചുവേണം. ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ വർക്കിംഗ് ചെയർമാന്, ചെയർമാനുമായി കൂടിയാലോചിച്ച് ചുമതലകൾ നിർവഹിക്കാം. ഇതിനെയെല്ലാം അട്ടിമറിക്കുന്നതാണ് ജോസഫിന്റെ കത്ത്. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതായും കത്തിൽ പറയുന്നുണ്ട്. ഭരണഘടനാപ്രകാരം സംസ്ഥാന കമ്മിറ്റി ചേർന്നാണ് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ചെയർമാൻ മരിച്ച സാഹചര്യത്തിൽ നിലവിലെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പദവി ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.