ഭഗവാൻ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങൾ മനുഷ്യരാശിയുടെ ഉന്നമനത്തിനായി ആയുസ്സും വപുസ്സും ആത്മ തപസ്സും സമർപ്പിച്ചുവെന്ന് മഹാകവി കുമാരാനാശാൻ '''ഗുരുസ്തവ' ത്തിലൂടെ നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു.
ജീവജാലങ്ങളിൽ അത്യപൂർവ്വമായി ലഭിക്കുന്ന മനുഷ്യ ജീവിതത്തിൽ- ജനനം മുതൽ മരണം- വരെയുള്ള അവസ്ഥകളെ തൃപ്പാദങ്ങൾ''ശ്രീ നാരായണ ധർമം-'' എന്ന കൃതിയിലൂടെ നമുക്ക് വെളിവാക്കിത്തരുന്നു. അതിൽ ഒരദ്ധ്യായം വിവാഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഭഗവാൻ അരുൾ ചെയ്ത ആ അമൂല്യ - രത്നങ്ങളെ അറിയുക- അനുഷ്ഠിക്കുക- പ്രചാരണം ചെയ്യുക. എന്നീ കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ടോ എന്നതിൽ നാം ആത്മ പരിശോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈശ്വരാവതാരമായി ഗുരുസ്വാമി തൃപ്പാദങ്ങളെ വാഴ്ത്തുമ്പോഴും ആ മൊഴിമുത്തുകളെ സൗകര്യപൂർവ്വം തമസ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഏറ്റവും ഉൽകൃഷ്ഠമായ ഒരു വിവാഹ സമ്പ്രദായമാണ് ഭഗവാൻ മാനവരാശിക്കായി കനിഞ്ഞ് അനുവദിച്ച് അനുഗ്രഹിച്ചിരിക്കുന്നത്. ആ വിവാഹരീതിയെക്കുറിച്ച് കൃത്യമായ വ്യവസ്ഥകളും തൃപ്പാദങ്ങൾ അരുൾ ചെയ്തിരിക്കുന്നു.
യുവ മിഥുനങ്ങളുടെ ജീവിതത്തിലെ അതിപ്രധാനമായ കർമ്മമാണ് വിവാഹം. അഗ്നിസാക്ഷിയായി, പിതാവ് തന്റെ കന്യകയായ പുത്രിയെ, ഉത്തമനായ വരന് ഏൽപ്പിക്കുമ്പോൾ,
വൈദികൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ, പിതാവ് ഏറ്റു ചൊല്ലുന്നുണ്ട്. അതുപോലെ തന്നെ വധുവിനെ സ്വീകരിച്ചുകൊണ്ട് വരനും.
വിവാഹാനന്തരം അവരുടെ ജീവിതത്തിന് നാന്ദിയാവുന്ന അർത്ഥസംപുഷ്ടമായ മംഗള ശ്ലോകങ്ങളും അർപ്പിക്കുന്നുണ്ട്.
''ശ്രീനാരായണഗുരു സ്വാമി കൃപയാൽ നിങ്ങളൂഴിയിൽ, ചിരം ദാമ്പത്യബന്ധത്താൽ പരിശോഭിച്ചീടേണമെ, നിങ്ങൾക്കോജസ്സുമായുസ്സും, നിങ്ങൾക്കോമന മക്കളും, നിങ്ങൾക്കധിക സമ്പത്തും തിങ്ങി വിങ്ങി വിളങ്ങണെ, തേൻമാവും പിച്ചിയും പോലെ, നിങ്ങൾയോജിച്ചു നീണ്ടനാൾ, നന്മലോകർക്കു നൽകി, ആത്മ സൗഖ്യം വരുത്തുവിൻ.''..... എന്നിങ്ങനെയാണ് ആ മംഗള ശ്ലോകങ്ങളും.
പക്ഷെ, ഇതൊക്കെ കേൾക്കാനോ, അറിയാനോ, ആശംസിക്കുവാനോ കഴിയാത്ത തരത്തിൽ ഈ പവിത്രമായ മുഹൂർത്തത്തെ ശബ്ദകോലാഹലം അലോസരപ്പെടുത്തുന്നു.
ഇത്തരുണത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി പൂജനീയ ശ്രീമത് സാന്ദ്രാനന്ദസ്വാമിജി എഴുതിയ ലേഖനത്തിന്റെ വർദ്ധിത മൂല്യം നാം തിരിച്ചറിയുന്നത്
ആത്മീയത എല്ലാ ഹൃദയത്തിലും എല്ലാ ഗൃഹത്തിലും ഉണ്ടായെങ്കിൽ മാത്രമെ സന്തോഷവും, സമാധാനവും, ശാന്തിയും നിറഞ്ഞ സംപുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കാൻ ഓരോരുത്തരേയും പ്രാപ്തരാക്കുകയുള്ളൂ.
പി. ആർ. പുരുഷൻ ശാന്തി - എസ്. എൻ. പുരം
ജനറൽ സെക്രട്ടറി - ശ്രീനാരായണ
വൈദിക പരിഷത്ത് - എസ്. എൻ. പുരം
കോട്ടയം - 9447760621