pik

ന്യൂഡൽഹി: അമേരിക്കൻ ഭീഷണിക്ക് വഴങ്ങി ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചു. അമേരിക്കയുടെ 'ശത്രു"പക്ഷത്തുള്ള മറ്റൊരു എണ്ണ ഉത്‌പാദക രാജ്യമായ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതിയും നിറുത്തിയെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഹർഷവർദ്ധന ശ്രിംഗ്ല പറഞ്ഞു. ഇത് അമേരിക്കയും ഇറാനും തമ്മിലെ വിഷയമാണെന്നും ഇന്ത്യയും ഇറാനും സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ പത്തു ശതമാനമാണ് ഇറാനിൽ നിന്ന് വാങ്ങിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇറാനിൽ നിന്ന് ഇന്ത്യ വാങ്ങിയത് 90 ലക്ഷം ബാരൽ എണ്ണയാണ്. ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം അമേരിക്കയിലെ ബറാക്ക് ഒബാമ സർക്കാരും യൂറോപ്പ്യൻ യൂണിയനും എടുത്തു കളഞ്ഞിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് പദത്തിലേറിയ ട്രംപ്, ഏകപക്ഷീയമായി വീണ്ടും ഉപരോധം ഏർപ്പെടുത്തി. എന്നാൽ, ഇന്ത്യയടക്കം എട്ട് രാജ്യങ്ങൾക്ക് തുടർന്നും ഇറാന്റെ എണ്ണ വാങ്ങാൻ അമേരിക്ക ഈമാസം രണ്ടുവരെ സാവകാശം നൽകി.

കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണമായി നിറുത്തിയത്. ഇന്ത്യയ്ക്ക് പുറമേ ചൈന, ജപ്പാൻ, ഇറ്റലി, ഗ്രീസ്, ടർക്കി, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്കാണ് ഇളവ് നൽകിയിരുന്നത്. ടർക്കിയും ഇറാന്റെ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തിയെങ്കിലും ഇന്ത്യൻ ധനസഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന ഛബഹാർ തുറമുഖത്തെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഹർഷവർദ്ധന ശ്രിംഗ്ല പറഞ്ഞു. ഇറാനിൽ നിന്നുള്ള ഇറക്കുമതി നിറുത്തിയെങ്കിലും ഇന്ത്യയിൽ ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിൽ നിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങി, പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ എണ്ണ വിതരണ കമ്പനികൾ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയും ഇറാനും

 ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്നത്; ഇറാന് മൂന്നാംസ്ഥാനമാണ്.

 ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താവ്; രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

ക്രൂഡോയിൽ വില

താഴേക്ക്

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമാകുന്നുവെന്ന വിലയിരുത്തലുകളെ തുടർന്ന് ക്രൂഡോയിൽ വില ഇന്നലെ കുത്തനെ ഇടിഞ്ഞു. ബ്രെന്റത്സ ക്രൂഡ് വില ബാരലിന് 3.23 ഡോളർ താഴ്‌ന്ന് 67.76 ഡോളറിലെത്തി. യു.എസ്. ക്രൂഡ് വില ബാരലിന് 3.51 ഡോളറും ഇടിഞ്ഞു; ബാരലിന് 57.91 ഡോളറാണ് ഇന്നലെ വില.

പെട്രോൾ, ഡീസൽ

വില മേലോട്ട്

തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചതിന്റെ ചുവടുപിടിച്ച്, ഇന്നലെയും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോൾ വില (തിരുവനന്തപുരം) ലിറ്ററിന് 15 പൈസ വർദ്ധിച്ച് ഇന്നലെ 74.60 രൂപയായി. ഡീസലിന് 17 പൈസ ഉയർന്ന് വില 71.37 രൂപയിലെത്തി.