ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെടുത്തുകയാണ്. ക്രിയാത്മകമായും തടസങ്ങളില്ലാതെയും സമഗ്രമായും തിരഞ്ഞെടുപ്പു നടത്താനായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. ഇതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുൻപേ റവന്യൂ ജീവനക്കാർ മുന്നൊരുക്കങ്ങൾ നടത്തി. തലേദിവസം രാവിലെ പുറപ്പെടുന്ന, സ്ത്രീകൾ ഉൾപ്പെടെ വിദൂരങ്ങളിൽ നിന്നും വരുന്നവർ സാധന സാമഗ്രികളും അനുബന്ധ രേഖകളും ഏറ്റുവാങ്ങി ബൂത്തുകളിലെത്തുമ്പോൾ ഉച്ച കഴിഞ്ഞിരിക്കും.
പല ബൂത്തുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ( ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾ ഇക്കൂട്ടത്തിലുണ്ട് )അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായില്ല. തലേദിവസത്തെ ഉറക്കക്ഷീണത്തോടെയാണ് അതിരാവിലെ പോളിംഗ് നടപടികൾ ആരംഭിക്കുന്നത്. 15 മണിക്കൂർ നീളുന്ന പോളിംഗ് പ്രക്രിയ വളരെ ശ്രദ്ധയോടെ ചെയ്തു തീർക്കുന്ന ഉദ്യോഗസ്ഥർക്ക് പല സ്ഥലങ്ങളിലും കുടിവെള്ളവും ഉച്ചഭക്ഷണം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. (ഇതിനായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അത് വാങ്ങുന്നത് പ്രായോഗികമല്ല ) വരുംകാലങ്ങളിൽ ഭക്ഷണവും വെള്ളവും ബൂത്തുകളിലെത്തിക്കാൻ നടപടിയുണ്ടാകണം.
ബൂത്തുകളുടെ എണ്ണമനുസരിച്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും മറ്റൊരു കൗണ്ടറിൽ നിന്നാണ് വിതരണം ചെയ്തത്. ജോലികളെല്ലാം പൂർത്തീകരിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വളരെ വൈകി ശേഖരണ കേന്ദ്രത്തിലെത്തുമ്പോൾ വീണ്ടും നീണ്ട ക്യൂവിൽ നിന്നു വേണം വി പാറ്റ് ഉൾപ്പെടെയുള്ള മെഷീനുകൾ കൗണ്ടറുകളിൽ ഏൽപ്പിക്കാൻ. ഇത് പലസ്ഥലങ്ങളിലും ഒച്ചപ്പാടിനിടയാക്കി. പെട്ടികൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ തിരഞ്ഞെടുപ്പ് അധികൃതർ ബൂത്തുകളിലെത്തിക്കാനും തിരികെയെടുക്കാനും നടപടിയുണ്ടാകണം. അല്ലെങ്കിൽ മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി കൗണ്ടറുകൾ വർദ്ധിപ്പിക്കണം. അങ്ങനെയായാൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി വീടെത്താനാകും. (വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടത്തും പ്രഹസനമായി മാറി. )
സുഗതൻ എൽ. ശൂരനാട്.
കൊല്ലം, ഫോൺ : 9496241070