ഇന്ത്യയിൽ ഹോട്ടൽ ജി.എസ്.ടി ലണ്ടൻ, ന്യൂയോർക്ക്, പാരീസ് നഗരങ്ങളിലേതിനേക്കാളും കൂടുതൽ
കൊച്ചി: ഇന്ത്യൻ ടൂറിസം മേഖലയുടെ കുതിപ്പിന് ജി.എസ്.ടി അടിയന്തരമായി കുറയ്ക്കണമെന്ന് ഫിക്കിയും യെസ് ബാങ്കും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആവശ്യപ്പെട്ടു. മുറികളുടെ രാത്രിതാമസ നിരക്ക് (താരിഫ്) അനുസരിച്ച് വ്യത്യസ്‌തമാണ് ഇന്ത്യയിൽ ജി.എസ്.ടി. രാത്രിക്ക് 2,500 മുതൽ 7,500 രൂപവരെയുള്ള ഹോട്ടലുകൾക്ക് ജി.എസ്.ടി 18 ശതമാനവും 7,500 രൂപയ്ക്കുമേലുള്ള ഹോട്ടലുകൾക്ക് 28 ശതമാനവുമാണ്. ലോകത്തെ ഏറ്റവും ഉയർന്ന പ്രീമിയം, ഹോട്ടൽ, റിസോർട്ട് നികുതി നിരക്കാണിത്. ലണ്ടൻ, ന്യൂയോർക്ക്, പാരീസ് എന്നീ പ്രമുഖ ടൂറിസം നഗരങ്ങളിൽ പോലും ഇതിലും കുറവാണ് നികുതി.
ദേശീയ ടൂറിസം അതോറിറ്രി ആൻഡ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. 2029ഓടെ ഇന്ത്യൻ ടൂറിസം മേഖലയുടെ 6.7 ശതമാനം ശരാശരി വാർഷിക വളർച്ച നേടി 35 ലക്ഷം കോടി രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷ. വളർച്ച നിലനിറുത്താൻ ജി.എസ്.ടി കുറയേണ്ടത് അത്യാവശ്യമാണ്. ജി.എസ്.ടി 18 ശതമാനമോ അതിൽ താഴെയോ ആയി പുനർനിശ്‌ചയിക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018ൽ ഇന്ത്യൻ ടൂറിസം രംഗം 2.67 കോടിപ്പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കിയിരുന്നു. 2029 ഓടെ ഈ രംഗത്ത് നേരിട്ടും അല്ലാതെയും അഞ്ചുകോടിയിലേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.