gold

കൊച്ചി: പൊന്നിനും പെട്രോളിയത്തിനും ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും ഇന്ത്യയിൽ പ്രിയമേറുന്നു. കഴിഞ്ഞമാസത്തെ ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവിലെ 47 ശതമാനവും ഇവയ്ക്ക് വേണ്ടിയായിരുന്നു. 81,​609 കോടി രൂപയുടെ പെട്രോളിയം,​ ക്രൂഡോയിൽ ഉത്‌പന്നങ്ങളാണ് മാർച്ചിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെട്ടത്. 2018 മാർച്ചിലെ 72,​359.44 കോടി രൂപയേക്കാൾ 12.78 ശതമാനമാണ് വർദ്ധന. ക്രൂഡോയിൽ വില ഇക്കാലയളവിൽ നേരിയ വർദ്ധന കാഴ്‌ചവച്ചെങ്കിലും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞില്ല.

പൊന്നിനാണ് ഏറ്റവുമധികം പ്രിയം. കഴിഞ്ഞമാസം 40.22 ശതമാനമാണ് ഇറക്കുമതി കുതിച്ചത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ (ചൈനയാണ് ഒന്നാമത്)​ കഴിഞ്ഞമാസം ഇറക്കുമതിക്കായി ചെലവിട്ടത് 22,​742.92 കോടി രൂപയാണ്. 2018 മാർച്ചിൽ ഇറക്കുമതി 16,​219.71 കോടി രൂപയുടേതായിരുന്നു. 20,​915.7 കോടി രൂപ ചെലവ് വരുന്ന പവിഴം,​ മറ്റ് അമൂല്യരത്‌നങ്ങൾ എന്നിവയും മാർച്ചിൽ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തി. അതേസമയം,​ വെള്ളിയുടെ ഇറക്കുമതി 2018 മാർച്ചിനെ അപേക്ഷിച്ച് 50 ശതമാനത്തോളം ഇടിഞ്ഞ് 759.57 കോടി രൂപയായി.

ഇലക്‌ട്രോണിക്‌സ് ഉപഭോഗത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്ന ഇന്ത്യ,​ കഴിഞ്ഞമാസം ഇവയുടെ ഇറക്കുമതിക്കായി 32,​485.6 കോടി രൂപ ചെലവിട്ടു. 0.77 ശതമാനമാണ് വർദ്ധന. 2018 മാർച്ചിൽ ഇറക്കുമതി 32,​236.82 കോടി രൂപയുടേതായിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം (2018-19 ഏപ്രിൽ-മാർച്ച്)​ എല്ലാ വിഭാഗങ്ങളിലുമായി ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവ് 63,​139 കോടി ഡോളറാണ് (ഏകദേശം 44 ലക്ഷം കോടി രൂപ)​. ഇതിൽ ഏകദേശം പത്തുലക്ഷത്തോളം രൂപയും ചെലവിട്ടത് പെട്രോളിയവും ക്രൂഡോയിൽ ഉത്‌പന്നങ്ങളും വാങ്ങാനാണ്.

പൊന്നിന് കയറ്റുമതിയിലും നേട്ടം

ഉപഭോഗത്തിൽ മാത്രമല്ല,​ സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങളുടെ കയറ്റുമതിയിലും മുൻനിരയിലാണ് ഇന്ത്യ. കഴിഞ്ഞമാസം ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്‌ത ഉത്‌പന്നങ്ങളാണിവ (23,​786 കോടി രൂപ)​. 6.5 ശതമാനം കയറ്റുമതി വളർച്ച ഇവ നേടി. രണ്ടാം സ്ഥാനം പെട്രോളിയം ഉത്‌പന്നങ്ങൾക്കാണ് (24,​524 കോടി രൂപ)​; വളർച്ച 14 ശതമാനം. ഏറ്റവും വലിയ കയറ്റുമതി വളർച്ച നേടിയത് എൻജിനിയറിംഗ് ഉത്‌പന്നങ്ങളാണ് (65,​420കോടി രൂപ)​; വളർച്ച 24 ശതമാനം.

$33,102 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19)​ ഇന്ത്യയുടെ ആകെ കയറ്റുമതി വരുമാനം 33,102 കോടി ഡോളർ. വളർച്ച 9.06 ശതമാനം.

$50,​744 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ഇറക്കുമതിച്ചെലവ് 50,​744 കോടി ഡോളർ. വളർച്ച 8.99 ശതമാനം.

$17,​642 കോടി

ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞവർഷം 17,​642 കോടി ഡോളറായി ഉയർന്നു.