karnataka-politics

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതും കാത്ത് കർണാടക സംസ്ഥാന രാഷ്‌ട്രീയത്തിൽ നെഞ്ചിടിക്കുന്നത് മൂന്നു പേർക്കാണ്. ഇരുപത്തിയെട്ട് ലോക്‌സഭാ സീറ്റുകളാണ് കർണാടകത്തിൽ. അതിൽ പതിനഞ്ച് സീറ്റെങ്കിലും പിടിക്കാനായാൽ എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയിൽ തുടരാം. അതിൽക്കുറഞ്ഞാൽ കോൺഗ്രസ് പാലം വലിക്കുമെന്ന് തീർച്ച. കുമാരസ്വാമിയുടെ ഗ്യാലറിയിലിരിക്കുന്ന ജെ.ഡി.എസ് എം.എൽ.എമാർക്കു തന്നെ കൂറ് കോൺഗ്രസിനോടാണ്. പ്രതിപക്ഷത്ത് കളി നോക്കിയിരിക്കുന്ന ബി.ജെ.പിക്കും മേയ് 23 നിർണായകം. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ ഗതി തിരഞ്ഞെടുപ്പു കഴിഞ്ഞേ പറയാനാവൂ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് രക്തസമ്മർദ്ദം കൂടിവരുന്ന മൂന്നാമൻ.

ഭരണം തീരെ പോരെന്ന് സ്വന്തം പാർട്ടി എം.എൽ.എമാർ തന്നെ കുറ്റപ്പെടുത്തുമ്പോൾ കോൺഗ്രസിനെ കുറ്റം പറയാനാകുമോ? കുമാരസ്വാമിക്കെതിരെ അപ്രിയം കനത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം കൂടി വരാൻ നോക്കിയിരിക്കുകയാണ് ശത്രുപക്ഷം. പതിനഞ്ചു സീറ്റ് കിട്ടിയില്ലെങ്കിൽ ജെ.ഡി.എസ്- കോൺഗ്രസ് സഖ്യം തന്നെ തകർന്നുപോകും. അതു തന്നെയാണ് പ്രതിപക്ഷ ബെഞ്ചിലിരുന്ന് ബി.ജെ.പി പ്രാർത്ഥിക്കുന്നതും. നേരത്തേ തന്നെ കുമാരസ്വാമിയെ കുരുക്കിലാക്കാൻ നോക്കിയിരുന്ന പാർട്ടി എം.എൽ.എമാർ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. മകൻ നിഖിൽ മത്സരിക്കുന്ന മാണ്ഡ്യയിൽ മാത്രമാണ് കുമാരസ്വാമിയുടെ ശ്രദ്ധയെന്നാണ് പ്രധാന ആക്ഷേപം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ 17 സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ സീറ്റ് കുറഞ്ഞാൽ സ്വാഭാവികമായും സംസ്ഥാന നേതാവ് ബി.എസ്. യെദ്യൂരപ്പയെ ദേശീയ നേതൃത്വം തെറിപ്പിക്കും. വയസ്സ് 76 ആയി. കർണാടകം വിട്ടാൽ യെദ്യൂരപ്പയ്‌ക്ക് സ്ഥാനം പാർട്ടിയുടെ ഒതുക്കൽ കേന്ദ്രമായ മാർഗദർശക് മണ്ഡലിലാകും. അവിടെപ്പോയി എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കുമൊപ്പം സ്വസ്ഥമായി ഇരിക്കാം.

സ്ഥിതി മെച്ചപ്പെടുത്തിയാൽ, ലിംഗായദത്ത് സമുദായത്തിലെ കരുത്തനായ നേതാവിന് മുഖ്യമന്ത്രിക്കസേരയിൽ ഒരു മൂന്നാമൂഴം കൂടി പ്രതീക്ഷിക്കാം. കുമാരസ്വാമി സർക്കാരിന് ഒരു വയസ്സേയുള്ളൂ. നിയമസഭയ്‌ക്ക് നാലു വർഷം കൂടി കാലാവധിയുണ്ടെന്ന് ചുരുക്കം. ആ നാലുവർഷക്കണക്ക് മനസ്സിലിട്ടാണ്, താൻ 2023 വരെ സജീവ രാഷ്‌ട്രീയത്തിലുണ്ടാകുമെന്ന് യെദ്യൂരപ്പ ഇടയ്‌ക്കിടെ പറയുന്നത്. മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക. അതൊരു സുന്ദരമായ ആഗ്രഹം തന്നെ.

മുൻ മുഖ്യനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ സിദ്ധരാമയ്യയ്‌ക്കും മുഖ്യമന്ത്രിക്കസേരയിൽ ഒരുവട്ടം കൂടിയെന്ന ലളിതമായ അജണ്ടയേയുള്ളൂ. ഇതുവരെ കാര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമാണു താനും. കോൺഗ്രസിൽ നിന്നു മാത്രമല്ല, ജെ.ഡി.എസിൽ നിന്നും ആവശ്യത്തിന് എം.എൽ.എമാർ പിന്തുണയ്‌ക്കാനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായാൽ സ്വാഭാവികമായും കുമാരസ്വാമി ഒഴിഞ്ഞ് സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിലെത്തും. ദേശീയ നേതൃത്വത്തിനും അതുതന്നെ താത്പര്യം. ഏതിനും ആദ്യം തിരഞ്ഞെടുപ്പു ഫലം വരണം.

225 കർണാടക നിയമസഭയിൽ ജെ.ഡി.എസ്- കോൺഗ്രസ് സഖ്യത്തിന് 116 സീറ്റുണ്ട്. കോൺഗ്രസ് 78, ജെ.ഡി.എസ് 37, ബി.എസ്.പി- ഒന്ന്. മറുപക്ഷത്ത് 104 എം.എൽ.എമാരുമായാണ് ബി.ജെ.പിയുടെ കാത്തിരിപ്പ്. കുമാരസ്വാമി സർക്കാർ വീണാൽ ആ തക്കം നോക്കി, മുമ്പ് പലവട്ടം ശ്രമിച്ചതുപോലെ എം.എൽ.എമാരെ വിലയ്‌ക്കെടുത്ത് സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി ഒരുങ്ങുമെന്നു തീർച്ച.

ജെ.ഡി.എസും കോൺഗ്രസും തമ്മിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജിക്കുന്നതിനെച്ചൊല്ലിയുണ്ടായിരുന്ന തർക്കം പരിഹരിച്ചതു തന്നെ ഏറെ പാടുപെട്ടാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി മാർച്ച് മദ്ധ്യത്തിൽ കൊച്ചിയിൽ വന്നപ്പോൾ അവിടെവച്ചായിരുന്നു ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലിയുമായി അവസാനവട്ട ചർച്ചയും തീരുമാനവും. അതനുസരിച്ച്, 28 ലോക്‌സഭാ സീറ്റിൽ മാണ്ഡ്യ ഉൾപ്പെടെ എട്ടെണ്ണമാണ് ജെ.ഡി.എസിന്.