തിരുവനന്തപുരം: ഇസ്‌ലാമിക ഭീകരസംഘടനയായ ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യാൻ ഇടയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ അവഗണിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ ചെവിക്കൊണ്ടില്ല. ശ്രീലങ്കയിൽ ഈസ്‌റ്റർ ദിനത്തിൽ നടത്തിയ സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഹ്‌റാന ഹാഷിമിന് കേരളത്തിലും കണ്ണികളുണ്ടെന്ന വിവരം പുറത്തുവരികയും ഐസിസ് ബന്ധം ആരോപിച്ച് ഒരാളെ പിടികൂടുകയും ചെയ്‌തിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെക്കുറിച്ച് പുറംലോകം അറിയുന്നത്.
കഴിഞ്ഞ വർഷം കാസർകോട്ടെ രണ്ട് കുടുംബങ്ങളിൽ നിന്ന് 10 പേർ യെമനിലക്ക് കടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടാണ് സംസ്ഥാനം അവഗണിച്ചത്. കാസർകോട് കുമ്പള സ്വദേശിയും കുടുംബവും മംഗളൂരുവിൽ നിന്നു ദുബായ് വഴിയും ബൈക്കൂർ സ്വദേശിയും കുടുംബവും കൊച്ചിയിൽ നിന്ന് ഒമാൻ വഴിയും യെമനിൽ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിൽ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു. ഐസിസിൽ ആകൃഷ്ടരാകുന്നവർ യെമനിലാണ് ആദ്യം എത്തുകയെന്നു വിശദീകരിക്കുന്ന റിപ്പോർട്ടിൽ അവിടേക്ക് പോകാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടികളും ശുപാർശ ചെയ്തിരുന്നു. ഇതിനായി സഹായിക്കുന്ന വ്യക്തികൾ, റിക്രൂട്ടിംഗ് ഏജൻസികൾ എന്നിവരെ കണ്ടെത്തണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. യെമനിലെ ജീവിതത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ കണ്ടെത്തണമെന്നും അവിടുത്തെ യഥാർത്ഥ ജീവിതത്തെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്നും നിർദ്ദേശിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നും ഒരു മലയാള പത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം. ശ്രീലങ്കയിലെ ചാവേർ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണൽ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളുമായി ചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും മുപ്പതിലധികം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷം പേർ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം. സഹ്റാൻ കേരളത്തിലുൾപ്പെടെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരശേഖരണം എൻ.ഐ.എ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകാൻ എൻ.ഐ.എ ഐ.ജി അലോക് മിത്തൽ കൊച്ചിയിലെത്തി. കേന്ദ്ര ഇന്റലിജൻസ് ഏജൻസി, റോ എന്നിവരുടെ പ്രത്യേക സംഘവും കൊച്ചിയിലുണ്ട്.
അതിനിടെ, റിയാസ് അബൂബക്കർ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻ.ഐ.എ കണ്ടത്തിയതിന് പിന്നാലെ കൊച്ചിയുൾപ്പടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിലെ ഹോട്ടലുകളിലും മാളുകളിലും സുരക്ഷാജോലികൾ നോക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ ദിവസം പ്രത്യേക പരിശീലനം നൽകിയിരുന്നു. ആധുനിക തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായിരുന്നു പരിശീലനം. കൊച്ചി സിറ്റി കമ്മീഷണർ എസ്. സുരേന്ദ്രന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പൊലീസിന്റെ ബോംബ് ഡിറ്റക്റ്റിംഗ് സ്‌ക്വാഡാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഭീകരർ കൊച്ചിയെ ലക്ഷ്യമിടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ, ഫോർട്ടുകൊച്ചിയിലെ ഹോംസ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിദ്ദേശം. ഹോംസ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ സംബന്ധിച്ചു ദിവസവും വിവരം നൽകണമെന്നും റിപ്പോർട്ട് നൽകാത്ത ഹോം സ്റ്റേകളും ഹോട്ടലുകളും റെയ്ഡ് നടത്താനുമാണ് പൊലീസ് തീരുമാനം.