ചണ്ഡിഗഡ്: ഹോസ്റ്റൽ ശുചിമുറിയിൽ സാനിറ്ററി നാപ്‌കിൻ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തിൽ ഹോസ്റ്രൽ വാർഡന്മാരടക്കം നാലു പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
പഞ്ചാബിലെ ബത്തീന്ദ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലിലായിരുന്നു സംഭവം. ഹോസ്റ്റൽ ശുചിമുറിയിൽ ഉപയോഗിച്ച നാപ്‌കിൻ അലക്ഷ്യമായി ഉപേക്ഷിച്ചത് ആരാണെന്നറിയാൻ വിദ്യാർത്ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയിരുന്നു. രണ്ട് ഹോസ്റ്റൽ വാർഡന്മാരും രണ്ട് സുരക്ഷാജീവനക്കാരും ചേർന്നായിരുന്നു പെൺകുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥിനികള്‍ രംഗത്തെത്തിയിരുന്നു.
കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതർ സംഭവം ആദ്യം നിഷേധിച്ചെങ്കിലും വിദ്യാർത്ഥിനികളെ അനുനയിപ്പിക്കാനായി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് ജീവനക്കാരെയും പിരിച്ചു വിട്ടു കൊണ്ട് അധികൃതർ ഉത്തരവിറക്കുകയും ചെയ്തു.