ന്യൂഡൽഹി: കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് ചെയ്‌തുവെന്ന വാർത്ത പുറത്തുകൊണ്ട് വന്ന മാദ്ധ്യമ പ്രവർത്തകന് നേരെ സി.പി.എം വധഭീഷണി മുഴക്കിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ ആ മാദ്ധ്യമ പ്രവർത്തകന്റെ പേര് താൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വാട്സ്ആപ്പിൽ നിരന്തരം വധഭീഷണി എത്തുകയാണ്. മാദ്ധ്യമ പ്രവർത്തകൻ ഒറ്റക്കല്ല. കേരളം സമൂഹം ഒറ്റക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കേരളത്തിലെ ഭരണസംവിധാനത്തെപ്പോലും ഉപയോഗപ്പെടുത്തിയാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തില്‍നിന്ന് മനസിലാക്കിയതെന്നും എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സി.പി.എം സംഘടിതമായി കള്ളവോട്ട് നടത്താന്‍ ആസൂത്രണം നടത്തി. കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിനുതെളിവാണ്. ഇത്രയും പ്രതികൂലസാഹചര്യത്തില്‍ 18 സീറ്റ് ലഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണികൾ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാന പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. മുൻകാലങ്ങളിലെ ജംബോ കമ്മിറ്റികൾ ഇത്തവണ ഉണ്ടാകില്ല. കേരളത്തിൽ ഇപ്പോൾ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടക്കുന്നില്ല. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.