ന്യൂഡൽഹി: ശാസ്ത്രി ഭവനിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ രംഗത്തെത്തി. കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ശാസ്ത്രി ഭവനിൽ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് പ്രകാശ് ജാവ്‌ദേക്കറുടെ ട്വീറ്റ്.
''ഫയലുകൾ കത്തിച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും താങ്കളുടെ കാര്യത്തിൽ വിധി നിർണയിക്കുന്ന ദിനം വരാൻ പോകുകയാണെന്നും'' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. സുപ്രധാന രേഖകൾ നശിപ്പിക്കാനായി തീപ്പിടിത്തം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
''രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും, ശാസ്ത്രി ഭവനിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു ഫയൽ പോലും നശിച്ചിട്ടില്ലെന്നും'' അദ്ദേഹം പറഞ്ഞു. ''മുകൾ നിലയിൽ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. അര മണിക്കൂറിനുള്ളിൽ തീ അണയ്ക്കുകയും ചെയ്തു. ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് ഗൃഹപാഠം ചെയ്യണമെന്നും'' രാഹുൽ ഗാന്ധിക്ക് മറുപടിയായി പ്രകാശ് ജാവ്‌ദേക്കർ ട്വിറ്ററിൽ കുറിച്ചു.
Modi ji burning files is not going to save you. Your day of judgement is coming. https://t.co/eqFvTJfDgY
— Rahul Gandhi (@RahulGandhi) April 30, 2019
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശാസ്ത്രിഭവന്റെ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചിരുന്നു. ശാസ്ത്രി ഭവനിലാണ് വാർത്താ വിതരണ മന്ത്രാലയം, കേന്ദ്ര നിയമ മന്ത്രാലയം, മാനവവിഭവശേഷി മന്ത്രാലയം തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.