kaumudy-news-headlines

1. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കള്ളവോട്ട് പരാതികളില്‍ ജില്ലാ കളക്ടര്‍ ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്‌കൂളിലെ 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് സ്‌കൂളിലെ 48 -ാം ബൂത്തിലും കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ ആണ് ഇന്ന് കളക്ടര്‍ പരാതി കേള്‍ക്കുന്നത്. തുടര്‍ന്നാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കള്ളവോട്ട് ആരോപണ വിധേയരോടും പോളിംഗ് ഉദ്യോഗസ്ഥരോടും ഇന്ന് പത്ത് മണിക്ക് ഹാജരാകാന്‍ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2. ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയവര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും പരാതിയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ കയ്യൂര്‍ ചീമേനിയില്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസിന്റെ പരാതി ഉന്നയിച്ചിരുന്നു. രാഹുല്‍ എസ്, വിനീഷ് എന്നിവരുടെ ദൃശ്യങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതായി കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. പ്രദേശവാസികളായ പതിനാറോളം പേരുടെ പേരില്‍ ഈ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം

3. സി.പി.എം ശക്തി കേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്‌കൂളിലെ ബൂത്തുകളില്‍ മാത്രം 120ലധികം പേരുടെ കള്ളവോട്ട് നടന്നു എന്നാണ് പരാതി. കണ്ണൂരില്‍ സി.പി.എം ശക്തികേന്ദ്രങ്ങളിലടക്കം 90 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്ന ബൂത്തുകള്‍ സംശയത്തിന്റെ നിഴലില്‍ ആവുകയാണ്. കൂടാതെ ചീമേനി 47 -ാം ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ശ്യാം കുമാറില്‍ നിന്നും ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളും ഇന്ന് പരിശോധിക്കും. ഇതിന് ശേഷമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.

4. ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലിത്ത ട്രസ്റ്റി പദവിയില്‍ നിന്നുള്ള രാജി പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാ ഭരണത്തിന് മൂന്ന് മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്.

5. യാക്കോബായ സഭയുടെ അധ്യക്ഷ പദം ഒഴിയാന്‍ തയാറെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയക്കുകയും ചെയ്തു. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യാക്കോബായ സഭാ ഭരണസമിതിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും കാതോലിക്കാബാവയുടെ കത്തില്‍ പറയുന്നു. മെയ് 24ന് പാത്രിയാര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാതോലിക്കാ ബാവയുടെ പുതിയ നീക്കം. മെയ് 24നാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പാത്രിയാക്കീസ് മാര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ കേരളത്തിലെത്തുക

6. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന്‍ ശേഖരിച്ചതില്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് പരിശോധിക്കണം എന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. സി.പി.എം ഭരിക്കുന്ന പൊലീസ് അസോസിയേഷന്റെ നേതാക്കള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്.

7. ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ.വിനോദ് കുമാര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്. പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കാനാണ് ആദ്യശ്രമം. ഇക്കാര്യത്തില്‍ പരാതിയുള്ള പൊലീസുകാരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതിന് ഓരോ ജില്ലയിലും അഡീ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിക്കും. ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയുമാണ് പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസ് അസോസിയേഷന്‍ ശേഖരിക്കുന്നത് എന്നാണ് ആക്ഷേപം. ഇതിന് തെളിവ് ശേഖരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

8. ഇന്റലിജന്‍സ് മേധാവി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡി.ജി.പി വിശദീകരണം നല്‍കും. പോസ്റ്റല്‍ ബാലറ്റുകള്‍ ആരെങ്കിലും ശേഖരിച്ചിട്ടുണ്ടെങ്കില്‍ അത് നിയമ ലംഘനമാണെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലെത്താനാണ് യു.ഡി.എഫ് നീക്കം.

9. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രത ആര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. വരും മണിക്കൂറുകളില്‍ ഫോനി ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കുമെന്ന് മുന്നറിയിപ്പ്. കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്ത് എത്തുമെന്നാണ് കണക്കൂകൂട്ടല്‍. അതിതീവ്രത കൈവരിക്കുന്നതോടെ 170- 200 വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കരുതുന്നത്.

10. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരം സ്പര്‍ശിച്ചാല്‍ പശ്ചിമബംഗാള്‍ ഭാഗത്തേക്കായിരിക്കും കാറ്റ് നീങ്ങുക. കാറ്റ് വീശാന്‍ സാധ്യതയുള്ള മേഖലകളില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പ് ഉണ്ട്. വെള്ളിയാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലും മത്സ്യ ബന്ധനത്തിന് പോകരുത് എന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.