ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പ്രമുഖ പാർട്ടി നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തുടങ്ങിയവരാണ് ഈ മാസം നാല് മുതൽ ഏഴ് വരെ പ്രചാരണം നടത്തുന്നത്. ബി.ജെ.പി സൗത്ത് ഇന്ത്യൻ സെൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ നാലിന് ഏഴ് മണിക്ക് സുരേന്ദ്രൻ സംസാരിക്കും.
ദിൽഷാദ് ഗാർഡനിൽ അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രൻ പ്രസംഗിക്കും. മെഹ്രോളിയിൽ അഞ്ചിന് വൈകിട്ട് ആറിന് കെ. സുരേന്ദ്രനും വി. മുരളീധരൻ എംപിയും പ്രസംഗിക്കും. വികാസ്പുരിയിൽ അഞ്ചിന് രാവിലെ 10, ഹസ്താൽ 11, വൈകിട്ട് ആറിന് ഗോൾ മാർക്കറ്റ് എന്നിവിടങ്ങളിലാണു യഥാക്രമം ശോഭാ സുരേന്ദ്രന്റെ പ്രചാരണം. ആർ.കെ. പുരത്ത് ആറിന് വൈകിട്ട് ഏഴ് മണിക്ക് സുരേഷ് ഗോപി എം.പി പങ്കെടുക്കുന്ന യോഗം നടക്കും. തുഗ്ലക്കാബാദിലും 7നു വൈകിട്ട് 7.30നു സുരേഷ് ഗോപി പ്രസംഗിക്കും. 12നാണു ഡൽഹിയിൽ തിരഞ്ഞെടുപ്പ്.