maoist-attack
മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം, പൂർണമായും തകർന്ന സൈനിക വാഹനവും ദൃശ്യങ്ങളിൽ കാണാം

മുംബയ്: മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ മാവോയ‌ിസ്‌റ്റ് സംഘം നടത്തിയ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാവോയിസ്‌റ്റ് ബാധിത മേഖലയായ ഗഡ്‌ചിറോളിയിൽ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ വാഹനം പൂർണമായി തകർന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്‌റ്റുകൾ സൈനികർക്ക് നേരെ വെടിവച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം. അതേസമയം, ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മാവോയിസ്‌റ്റ് ബാധിത മേഖലയിലൂടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴി‌ഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് വഴിയിൽ കുഴിച്ചിട്ടിരുന്ന കുഴിബോംബ് പൊട്ടിയത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോനത്തിൽ വാഹനം ചിന്നിച്ചിതറി. വാഹനത്തിലുണ്ടായിരുന്ന 16 പേരും തത്സമയം തന്നെ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മാവോയിസ്‌റ്റുകൾ വാഹനത്തിന് നേരെ വെടിവച്ചു. സംഭവമറിഞ്ഞ് കൂടുതൽ സൈനികർ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു. എന്നാൽ പ്രദേശത്ത് തിരച്ചിൽ നടത്തിയ സൈനികർക്ക് നേരെ ഇപ്പോഴും മാവോയിസ്‌റ്റുകൾ വെടിയുതിർക്കുന്നതായാണ് വിവരം.

അതേസമയം പ്രശ്‌ന ബാധിത പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ 27 വാഹനങ്ങൾ മാവോയിസ്‌റ്റുകൾ അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണമുണ്ടായത്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലൂടെ സാധാരണ സൈനിക വാഹനങ്ങൾ സഞ്ചരിക്കുന്നത് കോൺവോയ് അടിസ്ഥാനത്തിലാണ് എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.