കൊച്ചി: ജലന്ധറിൽ വാഹനപരിശോധനക്കിടെ വൈദികനിൽ നിന്ന് പിടിച്ചെടുത്ത പണവുമായി കടന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വാഹന പരിശോധനയ്ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപയാണ് രേഖകളിൽ ഉൾപ്പെടുത്താതെ ഇവർ കൈവശപ്പെടുത്തിയത്. ഇതിനെ തുടർന്ന് രണ്ട് എ.എസ്.ഐമാരെ പഞ്ചാബ് പൊലീസ് നേരത്തേ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ‌് ചെയ്തത്.
സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കു പൊലീസ് പരിശീലനം നല്‍കിയിരുന്നു. താമസക്കാരുടെ സംശയകരമായ പെരുമാറ്റവും നീക്കങ്ങളും നിരീക്ഷിച്ചു പൊലീസിനു വിവരം കൈമാറാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു.
അസ്വാഭാവികമായ സാഹചര്യത്തിൽ രണ്ടുപേർ വ്യാജപ്പേരുകളും രേഖകളും നൽകി ഹോട്ടലിൽ തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സിറ്റി പൊലീസ് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ‌് രേഖപ്പെടുത്തിയ ശേഷം വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും കൈമാറിയപ്പോഴാണ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ വൈദികനിൽ നിന്ന് പിടികൂടിയ പണത്തിൽ നിന്ന് നാലു കോടി രൂപ അമേരിക്കയിലുള്ള കാമുകിക്കും, ഒന്നേമുക്കാൽ കോടി രൂപ പാരീസിലുള്ള സുഹൃത്തിനും നൽകിയെന്ന് അറസ്റ്റിലായ എ.എസ്.ഐ രാജ്പ്രീത് സിംഗ് പറഞ്ഞു. തട്ടിപ്പിനു കൂട്ടുനിന്ന മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവർ ഫോർട്ട് കൊച്ചിയിൽ തങ്ങിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
വൈദികർ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ച് 9.67 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പിറ്റേന്ന് വൈദികർ വാഹനത്തിൽ ഉണ്ടായിരുന്ന 16.65കോടി രൂപയുടെ രേഖകൾ ഹാജരാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേട് പുറത്തുവന്നിരുന്നു.
ഇവർക്കെതിരെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് കാലങ്ങളായി വാഹന പരിശോധനകൾക്കിടയിൽ പിടികൂടിയിരുന്ന കള്ളപ്പണത്തിന്റെ പകുതിപോലും ഇവർ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന കാര്യം ബോധ്യപ്പെടുകയും തുടർന്ന് ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. പ്രതികളെ കേരള പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.