മുംബയ്: മഹാരാഷ്ട്രയിലെ ഗഡ്‌ച്ചിറോളിയിൽ 15 സൈനിക ഉദ്യോഗസ്ഥരും ഡ്രൈവറും മരിക്കാൻ ഇടയായ സംഭവത്തിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇത്രയും പ്രശ്‌ന ബാധിത പ്രദേശത്ത് കൂടി എങ്ങനെയാണ് സൈനികർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് അന്വേഷിക്കുമെന്ന് റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. മാവോയിസ്‌റ്റ് സ്വാധീന പ്രദേശമായ ഗഡ്‌ച്ചിറോളിയിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായി തകർന്നു. വാഹനത്തിലുണ്ടായിരുന്നവർ തത്ക്ഷണം തന്നെ കൊല്ലപ്പെട്ടു.
പ്രശ്‌നബാധിത മേഖലയിൽ കൂടി സൈനിക നീക്കം നടത്തുന്നതിന് സാധാരണ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന പതിവ് സുരക്ഷാസേനയ്‌ക്കില്ല. എന്നാൽ പ്രാദേശികമായി ഏർപ്പാടാക്കിയ ഒരു ബസിലാണ് സൈനികർ ഇത് വഴി കടന്നുപോയത്. കഴിഞ്ഞ ഏപ്രിലിൽ മേഖലയിൽ നടന്ന ആക്രമണത്തിൽ 40 മാവോയിസ്‌റ്റുകളെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ വാർഷികത്തോട് അനുബന്ധിച്ച് പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയിലും സായുധരായ മാവോയിസ്‌റ്റുകൾ സൈനികർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ അവഗണിച്ച് കൊണ്ടാണ് സൈനികരെ മേഖലയിലൂടെ കൊണ്ടുപോയത്. ഇത്തരമൊരു ആക്രമണം നടക്കുന്നത് മുൻകൂട്ടി കാണാൻ കഴിയാത്തത് രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ്‌ചയാണെന്നും വിലയിരുത്തലുണ്ട്.