ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്‌റ്റ്. മണ്ഡലത്തിലെ എസ്.പി - ബി.എസ്.പി സ്ഥാനാർത്ഥിയും മുൻ സൈനികനുമായ തേജ് ബഹാദൂറിന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. സൈന്യത്തിൽ നിന്ന് പുറത്താക്കിയതിനുള്ള കാരണം കാണിച്ചില്ലെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. ഇതോടെ മണ്ഡലത്തിൽ മഹാസഖ്യത്തിന് സ്ഥാനാർത്ഥി ഇല്ലാതായി. അതേസമയം, തന്നോട് മത്സരിക്കാൻ പോലും മോദിക്ക് ഭയമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തേജ് ബഹാദൂർ വ്യക്തമാക്കി. സൈന്യത്തിൽ മോശം ഭക്ഷണം നൽക്കുന്നുവെന്ന് പരാതിപ്പെട്ടതിന്റെ പേരിൽ ബി.എസ്.എഫിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ.
വാരണാസിയിൽ മോദിക്കെതിരെ നൽകിയ പത്രികയിൽ പിഴവുകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ കാരണം കാണിക്കണമെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ തേജ് ബഹാദൂറിന് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് ഇന്നലെ 6.15ന് തന്നെ താൻ വിശദീകരണം നൽകിയതായി തേജ് ബഹാദൂർ അവകാശപ്പെടുന്നു. എന്നിട്ടും തന്റെ പത്രിക തള്ളിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗമായ ഉദ്യോഗസ്ഥരെ അഴിമതി, രാജ്യദ്രോഹം തുടങ്ങിയ കേസുകളിൽ പുറത്താക്കിയാൽ അവർക്ക് അഞ്ച് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിശദീകരണം.
നേരത്തെ മണ്ഡലത്തിൽ മോദിക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിയെ പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടയിൽ സമാജ്‌വാദി പാർട്ടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ താൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ച പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അജയ് റായിയെ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ അവസാന നിമിഷം തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച പ്രതിപക്ഷ സഖ്യം തേജ് ബഹാദൂറിന് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തേജ് ബഹാദൂറിന്റെ പത്രിക തള്ളിയതോടെ ഇനി പ്രതിപക്ഷത്തിന് കോൺഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരും.