ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ എവിടെയെങ്കിലും പ്രസംഗിച്ചെന്ന് അറിഞ്ഞാൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്ന് വിയർക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ സൈന്യം പാകിസ്‌താനിലെ തീവ്രവാദ ക്യാംപുകൾ തകർക്കുമെന്ന് ഇമ്രാൻ ഖാൻ ഭയപ്പെടുന്നെന്നും യോഗി പറഞ്ഞു. നരേന്ദ്ര മോദി കൂടി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
മോദി എവിടെയെങ്കിലും പ്രസംഗിക്കുന്നെന്ന് അറിഞ്ഞാൽ ഇമ്രാൻ ഖാന് ഭയമാണ്. അദ്ദേഹം ഇസ്ലാമാബാദിലെ എ.സി മുറിയിലിരുന്ന് വിയർക്കും. എപ്പോഴാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ കടന്ന് തീവ്രവാദ ക്യാംപുകൾ തകർക്കുകയെന്നാണ് അദ്ദേഹത്തിന്റെ ഭയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ മനശക്തി കൊണ്ടാണ് ഇന്ത്യയ്‌ക്ക് ഈ ശൂരത്വവും ധൈര്യവും കൈവന്നത് - യോഗി ആദിത്യനാഥ് പറഞ്ഞു.
ഒന്നരക്കോടി ജനങ്ങൾക്ക് സൗജന്യമായി വീടും, നാല് കോടി ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷനും, ഏഴുകോടി ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനും നൽകുമെന്നും പറഞ്ഞു. അയോദ്ധ്യയിൽ പുതിയ വിമാനത്താവളത്തിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീരാമന്റെ പേരിലായിരിക്കും വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി.