-ness-wadia

മുംബയ്: കഞ്ചാവ് കടത്തിയ കേസിൽ ഐ.പി.എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയയ്ക്ക് ജപ്പാനിൽ രണ്ടു വർഷം തടവുശിക്ഷ. അനധികൃതമായി കഞ്ചാവ് കടത്തിയതിനെ തുടർന്നാണ് ബിസിനസുകാരൻ കൂടിയായ നെസ് വാഡിയ തടവ് ശിക്ഷ നേരിടേണ്ടി വന്നത്. സംഭവത്തെ തുടർന്ന് ബി.സി.സി.ഐ പഞ്ചാബ് ടീമിനെ ഒരു വർഷത്തേക്ക് വിലക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 25 ഗ്രാം കഞ്ചാവുമായി ജപ്പാനിലെ ഹോക്കെയ്‌ഡോ ദ്വീപിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ വെച്ച് നെസ് വാഡിയ അറസ്റ്റിലാവുകയായിരുന്നു. തന്റെ സ്വകാര്യ ആവശ്യത്തിനുള്ളതായിരുന്നു കഞ്ചാവെന്ന് വാഡിയ വാദിച്ചെങ്കിലും അനധികൃതമായി കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലാകുകയായിരുന്നു.

നിലവിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമസ്ഥയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെ മുൻ കാമുകൻ കൂടിയാണ് നെസ് വാഡിയ. പിന്നീട് ഇരുവരും വഴി പിരിയുകയായിരുന്നു. തുടർന്ന് തന്നെ വാഡിയ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പ്രീതി സിന്റ കേസ് കൊടുത്തിരുന്നു. പിന്നീട് ഈ പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.