women-dress

പെരിന്തൽമണ്ണ: സ്ത്രീവേഷത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മലപ്പുറത്തെ പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എടത്തനാട്ടുകര സ്വദേശി ഷെഫീഖിനെ മോഷ്ടാവെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ മർദ്ദിച്ചത്. എന്നാൽ തന്നെ ഒരു സംഘം ആളുകൾ നിർബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്ന് ഷഫീഖ് പൊലീസിനോട് പറഞ്ഞു.

പൊലീസിന് നൽകിയ പരാതിയിൽ ഷെഫീഖ് പറയുന്നതിങ്ങനെ, വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാനാണ് പെരിന്തൽമണ്ണയിലെത്തിയത്. ഇതിനിടെ ഒരു സംഘം ആളുകൾ ബാഗ് തുറന്ന് ചുരിദാർ എടുക്കുകയും നിർബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് കയറ്റി. ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവർ തന്നെ മർദ്ദിച്ചത്.

അതേസമയം, ഷഫീഫിന്റെ വാദം പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. എങ്കിൽപ്പോലും ഷെഫീഖിനെ സംഘം ചേർന്ന് മർദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈൽ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം.