masood-azhar

ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യു.എൻ പ്രഖ്യാപിച്ചു. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. മുമ്പ് നാലു തവണ മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എന്നിന്റെ നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. എന്നാൽ ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര നീക്കത്തിന്റെ ഫലമായി തീരുമാനം മാറിമറിയുകയായിരുന്നു. പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേർക്ക് ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.

യു.എൻ സുരക്ഷാസമിതിയുടെ നീക്കങ്ങൾക്ക് ചൈന വഴങ്ങുന്നതായി കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കാമെന്നും എന്നാൽ, ഇതുസംബന്ധിച്ച് ഒരു പ്രത്യേകസമയം പറയുന്നില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാംഗ് അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും ബെയ്ജിംഗിൽവച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം എത്തിയത്. ഇതോടെ, മസൂദിനെ യു.എന്നിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഇന്ത്യയുടെ നിരന്തരശ്രമങ്ങൾ ഫലംകാണുമെന്നാണ് സൂചനകളുണ്ടായിരുന്നു.

മസൂദ് വിഷയത്തിൽ ചൈന വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ വിശ്വാസത്തിലെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിരന്തരമായുള്ള ശ്രമങ്ങളും സമ്മർദ്ദവുമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 1994ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്ക് ജയിലിൽ നിന്നു വിട്ടയയ്ക്കേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹർ. അന്നു മുതൽ ഇന്ത്യൻ സൈന്യത്തിനും ജനങ്ങൾക്കും നേരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് മസൂദ്.