ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം ജൂലായിൽ നടക്കും. ജൂലായ് 9നും 16നും ഇടയിൽ വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്തംബർ ആറിന് ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.
800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.
ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആർ.ഒയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു. ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ ,ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2.ഐ.എസ്.ആർ.ഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ‘വിക്രം’ ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാൻഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ.ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.