ആലപ്പുഴ: കേരള ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. കായംകുളത്ത് നിന്നാണ് ഇവർ അറസ്റ്റിലാവുന്നത്. ഉദ്യോഗാർഥികളിൽനിന്നും ഫീസിനത്തിലും അല്ലാതെയും വൻ തുക കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് കായംകുളം പൊലീസ് പിടികൂടിയത്. സംഘം മുന്നാംകുറ്റിയിൽ നടത്തിവന്നിരുന്ന സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ് നടത്തി. സ്ഥാപനത്തിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ, യൂണിഫോമുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ട്രാഫിക് ട്രെയിന്റ് പൊലീസ് ഫോഴ്സ് എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. കോട്ടയം സ്വദേശികളായ ഷെമോൻ.പി പോൾ, ബിജോയ് മാത്യു, ആലപ്പുഴ കലവൂർ സ്വദേശി മനു, എറണാകുളം സ്വദേശി മാത്യു ഫ്രാൻസിസ്, പത്തനംതിട്ട സ്വദേശിനി സോണി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ നെരത്തെയും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്.