കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല കേന്ദ്രീകരിച്ച് മുന്നോട്ട് വച്ച രാഷ്ട്രീയ അജൻഡ ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. കൊച്ചിയിൽ ചേർന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. പലയിടത്തും ഇടതുവലതുപക്ഷങ്ങളെ മലർത്തിയടിക്കുമെന്നും ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ബി.ജെ.പി വിജയം നേടുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ കൂടുതൽ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി ആരോപണം ഉയർന്നു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നും വിമർശനമുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമായിരുന്നുവെന്നും അഭിപ്രായമുയർന്നു മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകൾ ബി.ജെ.പി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്. .
അതേസമയം വടകരയിലും കൊല്ലത്തും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകളുണ്ടായെന്നും ഇതു യു.ഡി.എഫിന് അനുകൂലമായി മാറിയെന്നും വിമർശനമുയർന്നു.