പോർട്ടോ: സ്പെയിനിന്റെ ഇതിഹാസ ഗോൾ കീപ്പർ ഐകർ കസിയസിനെ പരിശീലനത്തിനിടെ ഹൃദയാഘാത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോർച്ചു ഗീസ് ക്ലബായ എഫ്.സി പോർട്ടോയുടെ താരമായ മുപ്പത്തേഴുകാരനായ കസീയസ് ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് കടുത്ത നെഞ്ച് വേദനയെതുടർന്ന് കുഴഞ്ഞ വീണത്. ഉടൻ തന്നെ അദ്ദേഹത്തെ പോർട്ടോയിലെ സി.യു.എഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. കസീയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോർട്ടോ ക്ലബ് അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി പോർച്ചുഗീസ് പ്രമിയർ ലീഗിൽ അവേസിനെതിരായി നടക്കുന്ന മത്സരത്തിന് മുന്നോയായി പോർട്ടോയിലെ സഹതാരങ്ങൾക്കൊപ്പം ക്ലബിന്റെ പരിശീലന ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് കസീയസിന് അത്യാഹിതമുണ്ടായത്. സ്പെയിനിനെ 2010 ൽ ലോകചാമ്പ്യൻമാരും 2008ലും 2012ലും യൂറോപ്യൻ ചാമ്പ്യൻമാരും ആക്കിയ ക്യാപ്ടനാണ് കസീയസ്. 167 മത്സരങ്ങളിൽ അദ്ദേഹം രാജ്യത്തിന്റെ ഗോൾ വലകാത്തു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളിൽ പ്രഥമ ഗണനീയനായ കസീയസ് 2015ലാണ് റയലിൽ നിന്ന് പോർട്ടോയിൽ എത്തിയത്. റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്രത്തിലൂടെ കരിയർ തുടങ്ങിയ കസീയസ് 1999 മുതൽ റയലിന്റെ സീനിയർ ടീമിൽ കളിച്ചു തുടങ്ങി. 2015വരെ നീണ്ട പതിനാറ് വർഷക്കാലം റയലിന്റെ ഗോൾവലയ്ക്ക് മുന്നിൽ വൻമതിലായി കസീയസ് ഉണ്ടായിരുന്നു. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകകപ്പ്, ലാലിഗ കിരീടങ്ങളെല്ലാം സ്വന്തമാക്കാനും റയൽ ജേഴ്സിയിൽ താരത്തിനായി.
പ്രാർത്ഥനയോടെ
ഹൃദയാഘാതം മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നാണ് വൈദ്യ ശാസ്ത്രത്തിൽ അറിയപ്പെടുന്നത്. ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് മൂലം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥയാണിത്. നെഞ്ചുവേദന, ശ്വാസ തടസം, ഉത്കണ്ഠ, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.
കസിയസിന് ഈ സീസണിലും അടുത്ത സീസണിന്റെ ആദ്യവും പോർട്ടോയുടെ ഗോൾവലകാക്കാൻ ആകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഹൃദയാഘാതം ഉണ്ടായവർക്ക് പിന്നീട് ഹൃദയമിഡിപ്പിന്റെ ക്രമം തെറ്റാം. മസിലുകൾക്ക് ക്ഷതം സംഭവിക്കാം. ദീർഘ കാലത്തേക്ക് നീണ്ടു നിൽക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു പക്ഷേ കസീയസിന് കളക്കളത്തിലേക്ക് മടങ്ങിവരവ് അസാധ്യമാകും. അങ്ങനെ സംഭവിക്കരുതേയെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും...
എല്ലാം നിയന്ത്രണ വിധേയമായി. ഒന്നു പരിഭ്രമിച്ചെങ്കിലും ഞാൻ വീണ്ടും കരുത്നായി. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.
കസിയസ്