കണ്ണൂർ : കണ്ണൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടിട്ടെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം വനിത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരായ എം.വി.സലീന, കെ.പി.സുമയ്യ,പത്മിനി എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് പരിയാരം പൊലീസെടുത്തിരിക്കുന്നത്. എം.വി.സലീന പഞ്ചായത്ത് മെമ്പർ കൂടിയാണ്, ഇവരെ അയോഗ്യയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരെ ജനപ്രാതിനിധ്യപ്രകാരവും കേസെടുക്കും.
സി.പി.എം ശക്തി കേന്ദ്രമായ പിലാത്തറയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്ത് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവരെ കാഴ്ചവസ്തുക്കളാക്കി ബൂത്തിനെ സി.പി.എം പ്രവർത്തകർ നിയന്ത്രിക്കുന്ന കാഴ്ചയാണ് വീഡിയോയിലുണ്ടായിരുന്നത്. എന്നാൽ കള്ളവോട്ട് ആരോപണം ഉയർന്നയുടനെ അതിനെ ഓപ്പൺ വോട്ടാണെന്ന പേരിൽ പ്രതിരോധിക്കുവാനാണ് സി.പി.എം ശ്രമിച്ചത്. അതേസമയം ജില്ലാകളക്ടർമാരിൽ നിന്നും അന്വേഷണ റിപ്പോർട്ട് സ്വീകരിച്ച മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ടീക്കാറാം മീണ കള്ളവോട്ട് നടന്നു എന്ന് സ്ഥിരീകരിക്കുകയും കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.