ജയ്‌പൂർ: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവർക്ക് എതിരെയുള്ള സർക്കാർ പദ്ധതികളുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ന് മുതൽ രാജ്യം ആരിൽ നിന്നെങ്കിലും അപായ വെല്ലുവിളി നേരിടുകയാണെങ്കിൽ അവരുടെ വീട്ടിൽ കയറി ഇല്ലാതാക്കും. അവർ നമുക്കെതിരെ വെടിയുതിർത്താൽ നമ്മൾ അവർക്കെതിരെ ബോംബ് വർഷിക്കും"- മോദി പറഞ്ഞു. ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 10വർഷമായി ആഗോള ഭീകരരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യു.കെയും ബ്രിട്ടനും യു.എസ്സും ഉൾപ്പെട്ട രാജ്യങ്ങൾ അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിർപ്പ് പ്രകടിപ്പിച്ചരുന്നു. ഇപ്പോൾ ചൈന ഇതിൽ നിന്ന് പിന്മാറിയതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
"കഴിഞ്ഞ കുറഞ്ഞ വർഷങ്ങളായി ലോകം ഇന്ത്യയെ ശ്രവിച്ചു കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ഇനി അവഗണിക്കാനാവില്ല. എന്നാൽ ഇത് വെറും തുടക്കം മാത്രമാണെന്ന് തുറന്നു പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ. എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം" - മോദി വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നു. എന്റെ പേരിലല്ല 130 കോടി ഇന്ത്യക്കാരുടെ പേരിൽ കൃതജ്ഞത ഈ അവസരത്തിൽ ഞാൻ അവരോട് രേഖപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.