ന്യൂഡൽഹി: പൗരത്വ വിവാദം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ ജനന രേഖകൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി ഡൽഹിയിലെ ആശുപത്രി രംഗത്തെത്തി. രാഹുലിന്റെയും പ്രിയങ്കയുടെയും ജനനരേഖകൾ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഡൽഹി ഹോളി ഫാമിലി ആശുപത്രി. രാഹുലിന്റെ പൗരത്വവും മതവും ചോദ്യംചെയ്യപ്പെടുമ്പോൾ ഈ ആശുപത്രിക്ക് പറയാനുള്ളത് രാഹുലിന്റെ ജനനവുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങളാണ്. രാഹുലും, സഹോദരിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജനിച്ചത് ഇതേ ആശുപത്രിയിലാണ്. ഇരുവരുടെയും ജനനരേഖകൾ ഇവിടെ ഇന്നും നിധിപോലെ സൂക്ഷിച്ചിരിപ്പുണ്ട്.
"1970 ജൂൺ 19, ഉച്ചയ്‍ക്ക് 2.28ന് ഡൽഹി ഹോളിഫാമിലി ആശുപത്രിയിൽ ഒരു വി.ഐ.പി കുഞ്ഞ് ജനിച്ചു. ആശുപത്രി റെക്കോഡിൽ കുഞ്ഞിന്റെ പേര് ബേബി ഒഫ് സോണിയാ ഗാന്ധി". കുഞ്ഞു രാഹുലിന്റെ ജനനവിവരങ്ങൾ ആശുപത്രിയുടെ രേഖകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ചില സുപ്രധാന വിവരങ്ങളും രേഖയിൽ ചേർത്തിട്ടുണ്ട്. മതം ഹിന്ദുവെന്നും ഇന്ത്യൻ പൗരനെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുമകനെ കാണാൻ മുത്തശിയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി അന്ന് ഇവിടെയെത്തിയിരുന്നു. ഡൽഹി അതിരൂപതയ്‍ക്ക് കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ട് മാസത്തിന് ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്. പൗരത്വവിവാദം കത്തി നിൽക്കുമ്പോൾ രാഹുൽ ജനിച്ച ഹോളി ഫാമിലി ആശുപത്രിയിലെ രേഖകൾ ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്.
രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിന് നോട്ടീസ് അയയ്‌ക്കുകയും ചെയ്‌തു. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് സ്വാമിയുടെ ആരോപണം. രാഹുൽ തന്റെ ബ്രിട്ടീഷ് പൗരത്വം നിഷേധിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. അതേസമയം, തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകന് മറുപടി പറയാൻ കഴിയാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹറാവു പറഞ്ഞിരുന്നു.