ന്യൂഡൽഹി : ശക്തി കേന്ദ്രങ്ങളായ ഇറാഖിലും സിറിയയിലും വൻ തിരിച്ചടികൾ നേരിട്ടതോടെ ഐസിസ് ശ്രദ്ധാകേന്ദ്രം തെക്കേഏഷ്യയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചന. ന്യൂസിലാന്റിൽ മുസ്ലീം പള്ളികളിലുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ മറുപടി നൽകുവാനായി ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികൾ തിരഞ്ഞെടുത്തതിന് പിന്നിൽ ഐസിസിന്റെ ഈ തീരുമാനമാണെന്ന് കരുതുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഭീകരാക്രമണമുണ്ടായത്. പ്രാദേശിക തീവ്രവാദ സംഘടനകളെ ആദ്യം സംശയിച്ചിരുന്നുവെങ്കിലും പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയായിരുന്നു. സുരക്ഷ ഏജൻസികളുടെ പരിശോധനയിൽ കണ്ടെത്തിയ ഐസിസ് ബന്ധമുള്ള നിരവധി പേരുടെ താവളങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുകയും ശ്രീലങ്കയിൽ പതിനഞ്ചോളം തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും എൻ.ഐ.എ നിരവധി സ്ഥലങ്ങളിൽ റെയിഡ് നടത്തുകയും പാലക്കാട് സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എൻ.ഐ.എയുടെ അന്വേഷണത്തിൽ ഇന്ത്യയിലും ഭീകരാക്രമണം നടത്താൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതേ സമയം ഐസിസിന്റെ അനുബന്ധ ഗ്രൂപ്പായ അൽമുർസാത്ത് ബംഗ്ലാദേശിൽ പുതിയ തലവനെ നിയമിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അബു മുഹമ്മദ് അൽ ബംഗാളിയെന്നാണ് പുതിയ തലവന്റെ പേര്. ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുക, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയാണ് പുതിയ തലവന്റെ ചുമതലകൾ. കഴിഞ്ഞ തിങ്കളാഴ്ച ഢാക്കയിൽ സ്‌ഫോടനം ഉണ്ടാവുകയും ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഈ സംഭവങ്ങളെ ഗൗരവമായി പരിശോധിക്കുകയാണ്. സോഷ്യൽ മീഡിയയിലടക്കം ഐസിസ് ആശങ്ങൾ പ്രചരിപ്പിക്കുന്നവരേയും, തീവ്രവാദ ബന്ധം സംശയിക്കുന്നവരോട് ബന്ധപ്പെടുന്നവരേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.