anil-kumar

പാലക്കാട്: സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പാലക്കാട് സ്പിരിറ്റ് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിൽ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പെരുമാട്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ അത്തിമണി അനിലും സംഘവു‌ം സ്‌പിരിറ്റ‌ുമായി ഉദ്യോഗസ്ഥർ പിടികൂടിയപ്പോഴാണ് ഇയാൾ കുതറി ഓടി രക്ഷപെട്ടത്. നിരവധി പൊലീസ് കേസുകളിൽ പ്രതിയായ അനിലിന് വ്യാജ മദ്യ നിർമാണവുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലായ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ചിറ്റൂരിൽ എക്സൈസ് ഇന്റലിജൻസ‌് ഉദ്യാഗസ്ഥർ നടത്തിയ പരിശോധനയിൽ 525 ലീറ്റർ സ്‌പിരിറ്റാണ് അനിൽ ഉൾപ്പെട്ട സംഘത്തിൽ നിന്ന് പിടികൂടിയത്. സ്‌പിരിറ്റുമായെത്തിയ കാർ ഒാടിച്ചിരുന്നത് ബ്രാഞ്ച് സെക്രട്ടറിയായ അത്തിമണി അനിലായിരുന്നു. പരിശോധനക്കിടെ എക്സൈസിന്റെ പിടിയിൽ നിന്ന് കുതറിയോടിയ പ്രതി തന്റെ മറ്റൊരു കാറിൽ കയറിയാണ് രക്ഷപെട്ടത്. ഇയാളെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ മദ്യം തയ്യാറാക്കുന്നതിലും അനിലിന് പങ്കുളളതായി എക്സൈസ് സ്ഥിരീകരിച്ചു

ജനതാദൾ എസ് പ്രവർത്തകരെ വെട്ടിയത് ഉൾപ്പെടെ അനിൽ പ്രതിയായ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്റെ പേരിലുള്ള കേസുകൾ ഇല്ലാതാക്കിയും എതിരാളികളെ ഭയപ്പെടുത്തിയുമാണ് നേതാവ് പ്രദേശത്ത് സ്‌പിരിറ്റ് കച്ചവടം നടത്തുന്നത്. ചെക്ക്പോസ്റ്റ‌ു‌കളിലുൾപ്പെടെ പ്രദേശത്തെ ഉദ്യോഗസ്ഥർക്കെല്ലാം ബ്രാഞ്ച് സെക്രട്ടറിയായ അനിലിനെ ഭയമാണ്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലിയെടുക്കാനുളള സാഹചര്യം ഇല്ലാതാക്കിയാണ് അനിൽ കാര്യങ്ങൾ നടപ്പിലാക്കുന്നത്. അതിർത്തി ചെക്പോസ്റ്റ‌ു‌കളാണ് സ്‌പിരിറ്റ്‌ കടത്താനായി അനിൽ ഉപയോഗിച്ച് വരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.