കണ്ണൂർ: കണ്ണൂരിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ സി.പി.എം പുറത്തുവിട്ടു. കണ്ണൂരിലെ പാമ്പുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സി.പി.എം പുറത്തുവിട്ടിരിക്കുന്നത്. ഒരാൾ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നതാണ് വീഡിയോയിൽ. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പാമ്പുരുത്തി ദ്വീപിലെ 166 -ാം നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്.
1131-ാം നമ്പർ വോട്ടറായ അനസ്. കെ എന്നയാൾ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളിൽകാണാം. 1082-ാം നമ്പർ വോട്ടറായ മുഹമ്മദ് ബഷീർ. എം എന്നയാളും 12-ാം നമ്പർ വോട്ടർ കെ.എം. അർഷാദ്, 270-ാം നമ്പർ വോട്ടർ ടി.വി മുസ്തഫ എന്നിവരും രണ്ടുതവണ വീതം വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സി.പി.എം പറയുന്നു. മാത്രമല്ല കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ ബൂത്തിൽ ബഹളമുണ്ടാകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പാമ്പുരുത്തിയിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി എൽ.ഡി.എഫ് വോട്ടെടുപ്പ് നടന്ന ദിവസം തന്നെ ആരോപിച്ചിരുന്നു. ആരൊക്കെയാണ് കള്ളവോട്ട് നടത്തിയതെന്ന് പട്ടിക തയ്യാറാക്കി കമ്മിഷന് പരാതിയും നൽകിയിരുന്നു. ഇതിനുള്ള തെളിവായാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
നേരത്തെ, കാസർകോട് മണ്ഡലത്തിലെ മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ യു.ഡി.എഫ് കള്ളവോട്ടു ചെയ്‌തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ലീഗുകാർ കള്ളവോട്ടുചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളിൽ ഒരാൾതന്നെ അഞ്ച് വോട്ടുവരെ ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. മുട്ടം ഗവ. മാപ്പിള യു.പി സ്‌കൂളിലും കള്ളവോട്ടു നടന്നു. ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ 69-ാം ബൂത്തിലെ 387-ാം നമ്പർ വോട്ടറായ ലീഗ് പ്രവർത്തകൻ മുഹമ്മദ് ഫായിസ് 70 -ാം നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്‌തിരുന്നു.