masood-azhar

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. മസൂദ് വിഷയത്തിൽ ചൈന വിട്ടുവീഴ്ചയ്ക്കൊരുങ്ങിയത് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോകനേതാക്കളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. യു.എൻ നടപടിക്കായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു.

യു.എൻ സുരക്ഷാ സമിതിയുടെ 1267 പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 1999ലാണ് ഈ പ്രമേയം യു.എൻ പാസാക്കിയത്. തുടർന്ന് താലിബാനെതിരെയും അൽഖ്വയിദയ്ക്ക് എതിരെയുമാണ് പ്രമേയം ആദ്യമായി ഉപയോഗിച്ചത്. ഇതുകൂടാതെ ലഷ്‌കറെ തയ്ബ ഭീകരൻ ഹാഫിസ് സയീദിനെതിരെയാണ് ഇതിനു മുൻപു സമാനമായ നടപടികൾ യു.എൻ സ്വീകരിച്ചിട്ടുള്ളത്.

മസൂദിനെതിരെ സ്വീകരിക്കുന്ന നീക്കങ്ങൾ

# ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദിന്റെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. യു.എന്നിന്റെ നടപടിയെ തുടർന്ന് ആദ്യം അന്വേഷണം നടത്തി അസ്ഹറിന്റെ സ്വത്ത് മരവിപ്പിക്കുകയാണ് ചെയ്യുക.

# മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നത് മസൂദിന് യാത്രാ വിലക്ക് ഏർപ്പെടുത്തും.

# ഒരു രാജ്യത്തിനോ വ്യക്തിക്കോ മസൂദിന് ആയുധങ്ങൾ വിതരണം ചെയ്യാനാവാത്ത വിധം ഉപരോധം ഏർപ്പെടുത്തും.

# തന്റെ ഭീകരസംഘടനയുടെ വ്യത്യസ്ത വിംഗുകളായി വിദ്യാർഥി വിഭാഗം ഉൾപ്പെടെ ഉയർന്നുവന്നിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശനമായി നടപടിയെടുക്കാൻ പാകിസ്ഥാൻ നിർബന്ധിതരാവേണ്ടി വരും.

പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേർക്ക് ജെയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ വിശ്വാസത്തിലെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിരന്തരമായുള്ള ശ്രമങ്ങളും സമ്മർദ്ദവുമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 1994ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്ക് ജയിലിൽ നിന്നു വിട്ടയയ്ക്കേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹർ. അന്നു മുതൽ ഇന്ത്യൻ സൈന്യത്തിനും ജനങ്ങൾക്കും നേരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് മസൂദ്.