കോഴിക്കോട്: മുഖം മറിച്ചുള്ള വസ്ത്രം ധാരണം വേണ്ടെന്ന എം.ഇ.എസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തി. എം.ഇ.എസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മുഖംമറച്ച വസ്ത്രം ധരിക്കരുത് എന്നായിരുന്നു നിർദേശം. ഇതിനെതിരെയാണ് സമസ്തയടക്കമള്ള മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഇത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സമസ്‌ത വ്യക്തമാക്കി.
അടുത്ത അദ്ധ്യയന വർഷം മുതൽ എം.ഇ.എസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ ഫസൽ ഗഫൂറാണ് പുറത്തുവിട്ടത്. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷവിധാനങ്ങൾ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ പറയുന്നു. 2019-20 അദ്ധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അദ്ധ്യയന വർഷത്തെ കോളേജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.