election

തിരുവനന്തപുരം : നീണ്ട ഒരു മാസത്തെ പ്രചരണത്തിന് ശേഷം വോട്ടെടുപ്പും കഴിഞ്ഞ് ജയപരാജയ വിശകലനങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനേ നടത്തിയ അവകാശ വാദങ്ങൾക്കപ്പുറം ഓരോ മണ്ഡലത്തിലേയും ബൂത്ത് തലത്തിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദമായ ചർച്ചകൾ ജില്ലകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ചെങ്കോട്ടയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആറ്റിങ്ങൽ മണ്ഡലം ഇക്കുറി കൈക്കീഴിലാക്കാനാവുമെന്ന ശുഭ വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ. തുടർച്ചയായ മൂന്നാം വട്ടവും ജനവിധി തേടിയ ഇടത് മുന്നണി സ്ഥാനാർത്ഥി എ.സമ്പത്ത് ഉയർത്തിയ ശക്തമായ വെല്ലുവിളി അടൂർ പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയതോടെ മറികടന്നുവെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാമ്പ്.

യു.ഡി.എഫ് കേന്ദ്ര കമ്മിറ്റി അതോറിറ്റി ചെയർമാനായ കരകുളം കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ അടൂർ പ്രകാശിന്റെ പ്രകടനം വിലയിരുത്താൻ യോഗം ചേർന്നത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും യു.ഡി.എഫിന് അനുകൂലമായിരുന്നു എന്നും യോഗം വിലയിരുത്തി. താഴെത്തട്ടിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ അരുവിക്കര മണ്ഡലത്തിലാണ് യു.ഡി.എഫ് തരംഗമുണ്ടായതെന്നും പാർട്ടി വിലയിരുത്തുന്നു. ഇവിടെ പതിനാലായിരം വോട്ടുകൾ അടൂർ പ്രകാശ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയേക്കാളും പിടിക്കും. ഇത് കൂടാതെ കാട്ടാക്കട (5000), വർക്കല (2500),വാമനാപുരം (2500),നെടുമങ്ങാട്(2000) എന്നീ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഇതോടെ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആറ്റിങ്ങലെന്ന ഇടത് കോട്ട അടൂർ പ്രകാശിലൂടെ യു.ഡി.എഫിന് സ്വന്തമെന്ന നിലയിലാണ് പാർട്ടിയുടെ ജില്ലാ നേതൃത്വം എത്തിയിരിക്കുന്നത്. വിശ്വാസികളായ എൽ.ഡി.എഫ് അനുഭാവികളുടെ വോട്ട് ബി.ജെ.പിയ്ക്കും കോൺഗ്രസിനും ലഭിക്കുമെന്നും കണക്കുകൂട്ടുന്നു, ആറ്റിങ്ങലിൽ മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ബി.ജെ.പി വോട്ട് ശതമാനം വർദ്ധിപ്പിക്കുമെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും അടൂർ പ്രകാശിനാണ് ഗുണം ചെയ്യുന്നതെന്നും കോൺഗ്രസ് വിശ്വസിക്കുന്നു.

ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുകയാണെങ്കിൽ അത് സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറിയായിരിക്കും എന്നാണ് രാഷ്ട്രീയ വിദഗ്‌ദ്ധർ പറയുന്നത്. പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറം സത്യാവസ്ഥയറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കാം.