ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയം നേരത്തെയാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിക്കാൻ സാധിക്കുമോയെന്നാണ് കോടതി ചോദിച്ചത്. കടുത്ത ചൂട് കണക്കിലെടുത്താണ് നിർദേശം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനായി എന്തൊക്കെ മുൻകരുതലുകൾ എടുക്കേണ്ടി വരുമെന്നും, നേരത്തെ തുടങ്ങിയാൽ എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നതിനെ കുറിച്ചും ഗൗരവമായി പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ തിരഞ്ഞെടുപ്പ് ഏഴ് മണിയോടെ ആരംഭിച്ച് ആറ് മണിയോടെ അവസാനിക്കും. എന്നാൽ, സുരക്ഷാ പ്രശ്‌നങ്ങൾ മുൻ നിറുത്തി പല മണ്ഡലങ്ങളിലും ബൂത്തുകളിലും വോട്ടെടുപ്പ് നേരത്തെ അവസാനിപ്പിക്കുകയും വെെകി ആരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലമുണ്ട്. അതേസമയം, ഉത്തരേന്ത്യയിൽ ഇപ്പോൾ കടുത്ത ചൂടാണ്. ഉച്ചസമയത്ത് വോട്ടർമാർക്കും ക്യു നിൽക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ നിർദേശം.