bjp

ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുകയാണ്. വിജയം മാത്രം ലക്ഷ്യമിട്ട് പ്രതിപക്ഷവും ഭരണപക്ഷവും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പ്രചാരണ കളത്തിൽ നിറയുകയാണ്. പ്രധാനമന്ത്രി കസേരയിൽ നരേന്ദ്ര മോദിയെ വീണ്ടും പ്രതിഷ്ഠിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ രാഹുലിനെ മുൻ നിർത്തി ഭരണം തിരിച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം,​ ഇന്നലെ നടന്ന മസൂദ് അസ്ഹറിന്റെ ആഗോല ഭീകര പ്രഖ്യാപനം തിരഞ്ഞെടുപ്പ് ഫലത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

രാജ്യസുരക്ഷയും ഭീകരവാദിത്തിനെതിരെ പോരാടിയതും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി പ്രചാരണത്തിനിറങ്ങുന്ന ബി.ജെ.പിയെ സംബന്ധിച്ച് ഇത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണിതെന്നും ഇനി ആർക്കും നമ്മളെ അവഗണിക്കാൻ സാധിക്കില്ലെന്നും ഇന്നലെ ജയ്പുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി വ്യക്തമാക്കിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും എന്താണു നടക്കാൻ പോകുന്നതെന്നു കാത്തിരുന്നു കാണാമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം,​ റാഫേലും തൊഴിലില്ലായ്മയും ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്ന പ്രതിപക്ഷ കക്ഷികൾക്ക് മസൂദിന്റെ ആഗോള ഭീകര പ്രഖ്യാപനത്തിലൂടെ മറുപടി നൽകാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.

എന്നാൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വെളയിൽ മസൂദിന്റെ പ്രഖ്യാപനം വൈകിപ്പിക്കാനുള്ള ചൈനീസ് നീക്കം പാളിയതാണ് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും തുണയായത്. മസൂദിനെ ആഗോളഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങളെ എക്കാലവും എതിർത്തിരുന്ന ചൈനയെ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ അതിശക്തമായ പിന്തുണയോടെ മെരുക്കുകയെന്ന നയതന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്. മേയ് ആറ് വരെ കാത്തിരിക്കണമെന്ന് ചൈന സാവകാശം ചോദിച്ചെങ്കിലും അമേരിക്കയുടെ വാശിക്കു പിന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 23നുള്ളിൽ രേഖാമൂലം മറുപടി നൽകണമെന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടത്. തുടർന്ന് ഒന്നാം തീയതി എതിർപ്പ് പിൻവലിച്ചതായി ചൈന അറിയിക്കുകയായിരുന്നു. യു.എൻ രക്ഷാസമിതിയിൽ വിഷയം വോട്ടിനിടേണ്ടതില്ലെന്നു ചൈന നിലപാട് എടുത്തതോടെയാണ് ചർച്ചയ്ക്കു വഴിയൊരുങ്ങിയത്.