ചെന്നൈ : ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ.ഐ.എ റെയ്ഡ്. തിരിച്ചിറപ്പള്ളിയിൽ മൂന്നിടത്താണ് എൻ.ഐ.എ റെയിഡു നടത്തിയത്. ഇവിടെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട, തൗഹീദ് ജമാ അത്ത് ഓഫീസുകളിലാണ് റെയിഡുണ്ടായത്. ശ്രീലങ്കൻ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. കേരളത്തിലെ വിവിധ ഇടങ്ങളിലും ഇത്തരത്തിൽ എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. പാലക്കാട് നിന്നും റിയാസ് അബൂബക്കർ എന്ന യുവാവിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച ചാവേർ ഭീകരൻ സഹ്റാൻ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കർ എന്ന് മനസിലാക്കിയതിനെ തുടർന്നാണ് എൻ.ഐ.എ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചിറപ്പള്ളിയിൽ റെയിഡ് നടന്നത്.
ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ ചാവേർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇതിനുള്ള സ്‌ഫോടക വസ്തുക്കൾ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്നും പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് വെളിപ്പെടുത്തി. എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്.കൊച്ചിയിലെ എൻ.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എൻ.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും. ഐസിസ് ഭീകരർ കൊച്ചി കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി നേരത്തേ വെളിപ്പെട്ടിരുന്നു.
ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. പ്രാദേശിക ഭീകര സംഘടകളുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട ഐസിസ് തെക്കേ ഏഷ്യയിൽ വേരുറപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.