manmohan-singh

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്തെത്തി. യു.പി.എ സർക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങൾ സൈന്യം നടത്തിയിട്ടുണ്ടെന്ന് മൻമോഹൻ സിംഗ് വ്യക്തമാക്കി. മിന്നലാക്രമണങ്ങളുടെ പേരിൽ വോട്ട് തേടാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും സാമ്പത്തിക രംഗത്തെ പരാജയങ്ങൾ മൂലം സൈന്യത്തിന് പിന്നിൽ ഒളിച്ചിരിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും മൻമോഹൻ സിംഗ് ആരോപിച്ചു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബയ് ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്നതിൽ യു.പി.എ സർക്കാർ പരാജയമായിരുന്നെന്ന ബി.ജെ.പിയുടെ ആരോപണങ്ങളെ അദ്ദേഹം പൂർണമായും നിഷേധിച്ചു. ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനും തീവ്രവാദ ക്യാംപായി പ്രഖ്യാപിക്കാനും നയതന്ത്ര തലത്തിൽ ഇന്ത്യ ഇടപെടലുകൾ നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്കുള്ളിൽ ലെഷ്കർ ഇ ത്വയിബ തലവൻ ഹാഫിസ് സയിദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്കമാക്കി.

തങ്ങൾ നടത്തിയ മിന്നലാക്രമണങ്ങളെപ്പറ്റിയും മറ്റും പ്രചാരണം നടത്തി വോട്ട് തേടാൻ മുൻ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. അതാണ് മോദി സർക്കാരും മുൻ സർക്കാരുകളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഭീകരവാദ വിരുദ്ധ സെന്ററിന്റെ ഭാഗമായി കോസ്റ്റ‌ൽ സെക്യൂരിറ്റി മെക്കാനിസം കൊണ്ടുവരാൻ യു.പി.എ സർക്കാർ ശ്രമിച്ചപ്പോൾ അതിനെ രൂക്ഷമായി എതിർത്തത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയാണെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു.

ഇന്ദിരാ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യപ്പെടാനുള്ള അർഹത ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കില്ല. ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയം സൈന്യത്തിന്റെ നേട്ടമാണെന്നല്ലാതെ സ്വന്തം നേട്ടമാണെന്ന് പറഞ്ഞ് ലാഭം കൊയ്യാൻ ഇന്ദിരാ ഗാന്ധി ശ്രമിച്ചിട്ടില്ലെന്നും മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടു.