തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ജയിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫിന്റെ ആദ്യ വിശകലനയോഗം പൂർത്തിയായി. തിരുവനന്തപുരത്ത് കുറഞ്ഞത് 30,000 വോട്ടിന്റെ ഭൂരിപക്ഷവും ഇടതുകോട്ടയായ ആറ്റിങ്ങൽ 15,000 വോട്ടിന് പിടിക്കാൻ കഴിയുമെന്നുമാണു നേതൃത്വം കരതുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിയമസഭ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ വിശകലന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഇതനുസരിച്ച് ആറ്റിങ്ങലിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്നു കരുതുന്ന മണ്ഡലങ്ങൾ അഞ്ചാണ്. അരുവിക്കര-14,000, കാട്ടാക്കട- 5000, വർക്കല-2500, വാമനപുരം-2500, നെടുമങ്ങാട്-2000. എന്നാൽ ആറ്റിങ്ങലിൽ 7500 വോട്ടിനും ചിറയിൻകീഴിൽ 3500 വോട്ടിനും പിന്നിലാകുമെന്നും യോഗം വിലയിരുത്തി.
അതേസമയം, ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണികളും നേതാക്കളും. തിരഞ്ഞെടുപ്പിന് ശേഷം താഴെ തട്ടിൽ നടന്ന വിശകലനത്തിൽ പാറശാല-10000, നെയ്യാറ്റിൻകര-10000, കോവളം-10000, തിരുവനന്തപുരം-5000 എന്നിവിടങ്ങളിൽ ലീഡ് ചെയ്യുമെന്നാണു പ്രതീക്ഷ. വട്ടിയൂർക്കാവിൽ ആരു ലീഡ് നേടിയാലും അതു വൻ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പമാണെന്നും വിലയിരുത്തി. നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ തമ്പാനൂർ രവി, കൺവീനർ വി.എസ്.ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആദ്യകണക്കുകൾ കൈമാറിയത്.
ഭൂരിപക്ഷവോട്ടുകൾ മൂന്നു മുന്നണിക്കും ചിതറിപ്പോകുമെന്നും ന്യൂനപക്ഷകേന്ദ്രീകരണം അതുവഴി ശശി തരൂരിനു തിരുവനന്തപുരത്ത് വിജയം ഉറപ്പാക്കുമെന്നുമുള്ള പ്രത്യാശയിലാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ ഇടതുമുന്നണിക്കു വോട്ടു ചെയ്തവർ ഇത്തവണ കോൺഗ്രസിനു ചെയ്തിട്ടുണ്ടെന്ന പ്രതീക്ഷയും ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും ആറ്റിങ്ങലിൽ അടൂർ പ്രകാശിനു ഗുണം ചെയ്യുമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം, ബി.ജെ.പിയുടെ വോട്ടുവിഹിതം കഴിഞ്ഞ തവണത്തേതിലും കൂടും. വിശ്വാസികളായ എൽ.ഡി.എഫ് പ്രവർത്തകരുടെ വോട്ടും ബി.ജെ.പിക്കു പോയിട്ടുണ്ടെന്നാണു കോൺഗ്രസ് കരുതുന്നത്.