തിരുവനന്തപുരം: മേയ് ദിനത്തിൽ ആശംസകൾ നേർന്ന് ഓട്ടോ ഡ്രൈവറായ അച്ഛന്റെ ഫോട്ടോ അഭിമാനപൂർവം പങ്കുവച്ച ആന്റണി വർഗീസിനെ അഭിനന്ദിച്ച് നിരവധി ആരാധകരായിരുന്നു രംഗത്തെത്തിയത്. താരം ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയ്‌ക്കുതാഴെ നിരവധി കമന്റുകളാണ്. "അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു കാമറയ്‌ക്ക് മുന്നിൽ പിടിച്ചു നിറുത്തിയതാ...," എന്ന അടിക്കുറിപ്പോടെയാണ് ഓട്ടോയ്‌ക്കു മുന്നിൽ നിൽക്കുന്ന അപ്പന്റെ ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചത്. കാവൽമാലാഖ എന്ന പേരിട്ടിരിക്കുന്ന ഓട്ടോയും അതിനു മുൻപിൽ ഒട്ടും കൂസലില്ലാതെ നിൽക്കുന്ന പെപ്പെയുടെ അപ്പനെയും ആരാധകർ ഏറ്റെടുത്തു. 'ശരിക്കും, അപ്പനാണ് കുടുംബത്തിന്റെ കാവൽമാലാഖ' എന്നായിരുന്നു ഒരു ആരാധകൻ ഇട്ട കമന്റ്.
അതിനിടയിൽ 'ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോടാ ദുഷ്ടാ', എന്നായിരുന്നു ഒരു ആരാധകന്റെ മറ്റൊരു പ്രതികരണം. 'മകനെക്കാളും അപ്പനാണ് മാസ്', 'മാസ് കാ ബാപ് എന്നു കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു' എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വർഗീസ് ആരാധകരുടെ പ്രിയ താരമായി മാറിയത്.