bahubali

ബംഗളൂരു : നാട്ടിലിറങ്ങിയ കാട്ടാനയുടെ അടുക്കലേക്ക് ചെന്ന യുവാവിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു. മുഖത്ത് സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിൽ നിന്നും അമ്പത് കിലോമീറ്റർ അകലെയുള്ള ഡോഡി എന്ന ഗ്രാമത്തിലാണ് സംഭവം.

ബാഹുബലി കണ്ടതിന് ശേഷം നായകൻ തുമ്പൈക്കൈയിൽ ചവുട്ടി ആനപ്പുറത്തേറുന്ന സീനായിരുന്നു കർണാടക സ്വദേശിയായ രാജുവിന്റെ മനസിൽ. ഒരിയ്ക്കൽ താനും ഇതുപോലെ ചെയ്യുമെന്ന് കൂട്ടുകാരായ ഗ്രാമവാസികളോട് അയാൾ പറയുകയും ചെയ്യുമായിരുന്നു. അടുത്തിടെ രാജുവിന്റെ സ്ഥലമായ ഡോഡി ഗ്രാമത്തിൽ ആറ് കാട്ടാനകൾ ഇറങ്ങിയ സമയം ഇവയെ തുരത്താനായി രാജുവും വനപാലകരോടൊപ്പം കൂടി. കൂടെ വരരുതെന്ന് ആവർത്തിച്ചിട്ടും അതൊന്നും കേൾക്കുവാൻ രാജു തയ്യാറായിരുന്നില്ല. കാട്ടാനക്കൂട്ടത്തെ വനപാലകർ തുരത്തിയോടിച്ചപ്പോൾ കാണുവാനായി നിരവധി പേർ എത്തിയിരുന്നു. ഇവരുടെ ബഹളം കേട്ട് പ്രകോപിതരായ ആനകൾ ജനക്കൂട്ടത്തിന് നേരെ തിരിയുകയായിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് വനപാലകർ ആനകളെ തുരത്തി തിരികെ കാട്ടിൽ കയറ്റി വിട്ടത്. ഇതിന് ശേഷമാണ് പരിക്കേറ്റ നിലയിൽ രാജുവിനെ വനപാലകർ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.