പതിനേഴാം ലോക്സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഈ മാസം 23-ാം തീയതി ഇന്ത്യാ മഹാരാജ്യം ആര് ഭരിക്കുമെന്ന് അറിയാനാവും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് അത്യപൂർവമായ പ്രാധാന്യത്തോടും ഗൗരവത്തോടുമാണ് ലോകം വീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ അത്രയേറെ ബലിഷ്ഠമാണ് ഇന്ത്യയിൽ. ജനാധിപത്യ അവകാശത്തിന്റെ ഉത്തരവാദിത്വം ഓരോ പൗരനും നിർവഹിക്കുന്നത് അത്യധികം സന്തോഷത്തോടും ജാഗ്രതയോടും കൂടിയാണ്. ഓരോരുത്തരുടെയും മനസിലൂടെ കടന്നുപോകുന്നത് ശ്രേഷ്ഠഭാരതത്തിന്റെ തിളങ്ങുന്ന ചിത്രമാണ്. അതിനുവേണ്ടിയുള്ള ഉത്തരവാദിത്വമാണ് ഓരോ പൗരനും നിറവേറ്റിക്കഴിഞ്ഞത്. ഇനി ഇന്ത്യയിലെ ജനകോടികളുടെ ആശയാഭിലാഷങ്ങൾക്ക് കണ്ണും കാതും മനസും നൽകേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞ് ഓരോ ദിവസവും നടക്കുന്നത് കൂട്ടലും കിഴിക്കലുമാണ്. വോട്ടിംഗ് ശതമാനം , സാമുദായിക സമവാക്യങ്ങൾ, സ്ഥാനാർത്ഥികളും വ്യക്തിപ്രഭാവവും, മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ, ദേശീയ നേതൃത്വം, ഭരണത്തിന്റെ തലനാരിഴ കീറിയുള്ള ശരിതെറ്റുകൾ, ക്രമസമാധാനപ്രശ്നങ്ങളും സാമ്പത്തിക വിപ്ലവങ്ങളും ഒക്കെ ഈ കൂട്ടിക്കിഴിക്കലുകളിൽ ഘടകങ്ങളായി മാറുകയാണ്. ഒപ്പം മറ്റൊരിക്കലുമില്ലാത്ത വിധത്തിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരവും നടക്കുന്നു. ന്യൂനപക്ഷ, ഭൂരിപക്ഷ നയവ്യതിയാനങ്ങളും രാഷ്ട്രീയ പാർട്ടികളെ കുഴയ്ക്കുന്നു. ചുരുക്കത്തിൽ എല്ലാ മുന്നണികൾക്കും തങ്ങൾക്ക് അനുകൂലമായി ചിന്തിക്കാനുള്ള ഒരുപാട് അവസരം നൽകുന്നു . എന്നാൽ അതുപോലെതന്നെ ആശങ്കകൾക്കുള്ള സാദ്ധ്യതകളും ഉണ്ട് എന്നുള്ളത് ഈ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ്. അങ്ങനെ ചിന്തിക്കാനുതകുന്ന രീതിയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാൽ കള്ളവോട്ടിനെക്കുറിച്ച് വന്നിട്ടുള്ള വാർത്തകൾ ജനാധിപത്യത്തിന്റെ ശോഭകെടുത്തുന്നു എന്നത് എല്ലാവരും തിരിച്ചറിയണം.
സമസ്ത മേഖലകളെയും ചർച്ച ചെയ്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു ഇത്തവണത്തെ പ്രാധാന്യം. പ്രാദേശിക വികസനം മുതൽ അന്താരാഷ്ട്ര രംഗത്തെ ഇന്ത്യയുടെ ഇടപെടൽ വരെ ചർച്ചയായിരുന്നു. ഇന്ത്യൻ ഭരണഘടന തലനാരിഴകീറി ചർച്ച ചെയ്യുകയായിരുന്നു ഓരോ അവസരത്തിലും. നിയമ പഠനകേന്ദ്രങ്ങളിലൊന്നും പോകാതെ ഭരണഘടനയുടെ ഒരു തുറന്ന വായനയായിരുന്നു അത്. തിരഞ്ഞെടുപ്പ് രംഗത്തെ ഓരോരുത്തരും ഓരോ ആയുധങ്ങൾ പ്രയോഗിക്കുമ്പോഴും അതിന്റെ നിയമവശങ്ങൾ ചർച്ചയ്ക്ക് വിധേയമായി. ദുഷ്പ്രവണതകൾ ചർച്ചചെയ്തപ്പോൾ അതിലെ ക്രിമിനൽ കുറ്റങ്ങൾ ചർച്ച ചെയ്യേണ്ടിവന്നു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ഓരോ വ്യക്തിക്കും നിയമങ്ങളെയും ചട്ടങ്ങളെയും അറിയാനും ബഹുമാനിക്കാനും അവസരമുണ്ടായി എന്നതാണ്. റാഫേൽ ഇടപാട് ചർച്ച ചെയ്തപ്പോൾ അന്താരാഷ്ട്ര നിയമങ്ങളും പ്രതിരോധ ചട്ടങ്ങളും പൊതുസമൂഹം പഠിച്ചു. ആവേശത്തിനു വേണ്ടി പ്രസംഗിച്ചപ്പോൾ സ്ത്രീ സുരക്ഷിതത്വത്തിന്റെ നിയമത്തിലൂടെ സർക്കാരും പാർട്ടിയും നേതാവിന്റെ നാവിന് പച്ചിരിമ്പിട്ടു. കൊട്ടക്കമ്പൂരം വാട്ടർ തീം പാർക്കും പ്രളയവും ചർച്ചയായപ്പോൾ പരിസ്ഥിതി നിയമങ്ങളും അതിന്റെ പ്രാധാന്യവും നാം പഠിച്ചു . അതിശക്തമായ ചൂടിനെ അതിജീവിച്ച് പ്രചാരണം നടത്തി. എന്നാൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെയും ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വൈകാരികത ചർച്ച ചെയ്തപ്പോൾ അവരുടെ ചുടുകണ്ണീരിൽ വെന്തുരുകുന്ന കാഴ്ചയും കണ്ണൂരിൽ കാണാൻ കഴിഞ്ഞു. ആ ശാപവാക്കുകൾ ക്രിമിനൽ പ്രവൃത്തിയുടെ പിന്നിലുള്ളവടെയും പുനർചിന്തനത്തിന് വിധേയമാക്കും. വിപ്ലവകരമായ മാറ്റത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങളിൽ അടിപതറുന്ന നേതാക്കന്മാർക്ക് അണികൾക്ക് പകർന്നുകൊടുക്കാൻ നല്ല പാഠങ്ങൾ കിട്ടും.
വിശ്വാസികളുടെ മേലുള്ള അവിശ്വാസികളുടെ കടന്നുകയറ്റം സമൂഹത്തിന്റെ മനസിന്റെ ആഴം അളന്നു പഠിപ്പിക്കാൻ ശക്തിയുള്ളതായിരുന്നു. അങ്ങനെ ഏത് രംഗത്തും നിയമത്തിന്റെയും ധാർമ്മികതയുടെയും സദാചാരത്തിന്റെയും തുറന്ന വായന നടക്കുന്നു എന്നുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ഇലക്ഷൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിൽ പറഞ്ഞതുപോലെ അറിവിന്റെ വാതായനങ്ങൾ തുറക്കുന്നു എന്നുള്ളതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഒരു സാംസ്കാരിക തലം.
ഒട്ടനവധി പ്രവചനങ്ങൾ വന്നുകഴിഞ്ഞു. പലതിനും സാമ്യമുണ്ടായിരുന്നു. അതുപോലെതന്നെ മറ്റു പലതും പരസ്പര വിരുദ്ധവുമായിരുന്നു. ഒരു കാര്യം സത്യമാണ് , അടിസ്ഥാന രാഷ്ട്രീയ വിശ്വാസികളുടെ എണ്ണം വളരെയധികം കുറഞ്ഞു. പുതുതലമുറ പ്രശ്നാധിഷ്ഠിത രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. നിലപാടുകളിലെ സത്യസന്ധതയും ജനാധിപത്യത്തിന്റെ മര്യാദകളും വിശകലനം ചെയ്യുന്ന ആശയ അടിത്തറയുള്ള സമ്മതിദായകരുടെ എണ്ണം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. പൈതൃകമായ കുടുംബ മഹിമകൊണ്ടും, ആവേശകരമായ എഴുന്നള്ളത്തുകൊണ്ടും പഴകി തുരുമ്പടിച്ച പ്രത്യയശാസ്ത്രങ്ങൾ കൊണ്ടും ആവേശകരമായ പ്രസംഗവും മുദ്രാവാക്യങ്ങളും കൊണ്ടും മാത്രം കിട്ടുന്ന ആൾക്കൂട്ട പ്രസ്ഥാനത്തിലെ അംഗങ്ങളുടെ എണ്ണം അനുദിനം കുറയുകയാണ് എന്ന വസ്തുത ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വവും മനസിലാക്കണം. അവർക്കുള്ള മറുപടിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. ജനാധിപത്യത്തിലെ തുറന്ന വായനയിൽ മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ഈ വായനയ്ക്ക് ചാലകശക്തിയാണ് മാധ്യമങ്ങൾ. ജനാധിപത്യ വ്യവസ്ഥിതിയിലെ മാദ്ധ്യമങ്ങൾ Fourth Estate എന്നാണ് അറിയപ്പെടുന്നത്. അത് അതിന്റെ ശക്തിയാണ്. ആ ശക്തിയെ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ആശയ അടിത്തറയുള്ള പൊതുസമൂഹം സ്വയം വാർത്താലേഖകരായി മാറുന്നു എന്നുള്ളതാണ് സാമൂഹ്യമാദ്ധ്യമത്തിന്റെ പ്രസക്തി. തങ്ങൾക്ക് താത്പര്യമുള്ള രാഷ്ട്രീയ പാർട്ടിക്കുവേണ്ടി വളരെ തന്ത്രപരമായി പണിയെടുക്കുന്ന മാദ്ധ്യമങ്ങളുണ്ട്. ഒരു സ്ഥാനാർത്ഥി തോൽക്കും എന്ന് ഏതെങ്കിലും സർവേ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ട് ആ രാഷ്ട്രീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ഉഷാറാക്കുന്ന വിദ്യയും ഇത്തവണ കാണാൻ കഴിഞ്ഞു. അതുപോലെതന്നെ ഒരു സ്ഥാനാർത്ഥി ബഹുദൂരം മുന്നിലാണെന്ന് പറഞ്ഞ് രാഷ്ട്രീയ സംവിധാനത്തെ ആലസ്യത്തിലാക്കുന്നതും ആശയ അടിത്തറയുള്ള പൊതുസമൂഹം തിരിച്ചറിയുന്നു. അതാണ് മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്രതിരോധിക്കുന്നത്. ചുരുക്കത്തിൽ പുതിയ ഒരു ജനാധിപത്യ സമൂഹം ഇവിടെ ഉയർന്നുവരുന്നു എന്നതിന്റെ ആവേശമാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്.